തിരുവനന്തപുരം: എസ്.എസ്.എൽ.സിയ്‌ക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ളസ് ലഭിക്കാത്തതിന് മകനെ അച്ഛൻ മൺവെട്ടികൊണ്ട് തല്ലിയ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്‌റ്റ്. സംഭവത്തിൽ അച്ഛൻ അറസ്‌റ്റിലായതിനെ പിന്നാലെയാണ് പൊലീസിനെ പോലും ഞെട്ടിച്ചുകൊണ്ട് പുതിയസംഭവവികാസം. മകനെ കൈയ്ക്ക് പിന്നിൽ ഒരു തവണ മാത്രമാണ് അടിച്ചതെന്നും ഇക്കാര്യത്തിൽ മുറിവോ ചതവോ പരിക്കോ ഇല്ലെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ട്. മകന്റെ പഠനകാര്യത്തിൽ പിതാവ് അതീവ ശ്രദ്ധാലുവായിരുന്നു എന്നാണ് വിവരം.
വീട്ടിലുണ്ടായ വഴക്കിനെ തുടർന്ന് ഇയാൾക്കെതിരെ ഭാര്യയാണ് പൊലീസിനെ സമീപിച്ചത്. ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. പ്രശ്‌നം ഇത്രത്തോളം വഷളാകുമെന്ന് കരുതിയുമില്ല. കേസായി ഭർത്താവിനെ റിമാൻഡ് ചെയ്ത് ജയിലിൽ അടക്കുമെന്ന് ആയതോടെ കേസ് തള്ളിക്കളയണമെന്ന് ഭാര്യ ആവശ്യപ്പെടാൻ തുടങ്ങി. മോഹാലസ്യപ്പെട്ട് കുഴഞ്ഞു വീഴുകയും ചെയ്തു. അച്ഛനെ ജയിലിൽ അടക്കുമെന്ന് അറിഞ്ഞതോടെ പോലീസ് സ്റ്റേഷനിൽ എത്തിയ മകനും കരച്ചിലായി.
എല്ലാ വിഷയത്തിനും മകൻ എ പ്ലസ് വാങ്ങുമെന്നാണ് അച്ഛൻ കരുതിയിരുന്നത്. എന്നാൽ മൂന്ന് വിഷയത്തിന് ഗ്രേഡ് കുറഞ്ഞു പോയതിൽ പ്രകോപിതനായ കിളിമാനൂർ സംവദേശി സാബു മകനെ മൺവെട്ടിയുടെ പിടി കൊണ്ട് അടിക്കുകയായിരുന്നു. കൈമുട്ടിന് പിറകിലായാണ് അടികൊണ്ടത്.അച്ഛൻ മർദിക്കുന്നതിന്റെ ചിത്രം കുട്ടിയുടെ സുഹൃത്ത് മൊബൈലിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ബാലാവകാശ സംഘടനകൾ വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതോടെ പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാൻ പൊലീസ് തീരുമാനിച്ചു. വീട്ടിലുണ്ടാകുന്ന ചെറിയ വഴക്കാണ് പെട്ടെന്ന് അനിയന്ത്രിതമായി വളർന്ന് വലുതായതെന്ന് സ്റ്റേഷനിലെ പൊലീസുകാർ തന്നെ പറയുന്നു.