bjp

ശ്രീനഗർ: ജമ്മുകാശ്മീരിലെ ബി.ജെ.പി നേതാക്കൾക്കെതിരെ മാദ്ധ്യമപ്രവർത്തകരുടെ പരാതി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും എം.എൽ.എയും തങ്ങൾക്ക് പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് മാദ്ധ്യമപ്രവർത്തകരുടെ ആരോപണം. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് അനുകൂലമായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് ലേയിലെ പ്രസ്ക്ലബ്ബിൽ വച്ച് പണം നൽകാൻ ശ്രമിച്ചെന്നാണ് പരാതി.

പരാതിയെ തുടർന്ന് ലേ ജില്ലയിലെ വരണാധികാരിയും ഡെപ്യൂട്ടി കമ്മിഷണറും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ആരോപണം ശരിവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഇതോടൊപ്പം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഒരു ദേശീയ മാദ്ധ്യമ പുറത്തുവിട്ടിട്ടുണ്ട്. ബി.ജെ.പി നേതാക്കൾ മാദ്ധ്യമപ്രവർത്തകർക്ക് പണം നൽകുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. അതേസമയം,​ നേതാക്കൾക്കെതിരെയുള്ള ആരോപണം പെരുമാറ്റചട്ട ലംഘനമാണെന്നും കുറ്റം തെളിഞ്ഞാൽ ക്രിമിനൽ നിയമ പ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്നും വരണാധികാരി വ്യക്തമാക്കി.

ജമ്മുകാശ്മീർ ബി.ജെ.പി അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന എം.എൽ.എയായ വിക്രം രൺദ് വെ എന്നിവർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. രവീന്ദർ റെയ്ന നേരത്തെ ആരോപണം നിഷേധിക്കുകയും പ്രസ് ക്ലബിനെതിരെ മാനനഷ്ടത്തിന് കേസ് നൽകുമെന്നും പറഞ്ഞിരുന്നു. ഇതിനിടെയാണ് വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്.

കവറിൽ നൽകിയത് പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ തിരഞ്ഞെടുപ്പ് റാലിയുടെ ക്ഷണക്കത്താണെന്നായിരുന്നു ബി.ജെ.പി വിശദീകരിച്ചത്. ബി.ജെ.പി നേതാക്കൾ മാദ്ധ്യമപ്രവർത്തകർക്ക് പണമടങ്ങിയ കവർ കൈമാറിയെന്ന് റിൻചൻ അഗ്മോ എന്ന മാദ്ധ്യമപ്രവർത്തകയായിരുന്നു ആദ്യം തുറന്നുപറഞ്ഞത്. മാദ്ധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും അപമാനകരമാണെന്നും ആരും ബി.ജെ.പി. നീട്ടിയ പണം കൈപ്പറ്റാൻ തയ്യാറായില്ലെന്നും പരാതിയിൽ വിശദീകരിച്ചിരുന്നു.