തൃശൂർ: തൃശൂർ പൂരത്തിന് ആരോഗ്യമുള്ള എല്ലാ ആനകളെയും വിട്ടു നൽകുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് പറഞ്ഞു. നേരത്തെ മേയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന ആന ഉടമകളുടെ സംഘടന തീരുമാനമെടുത്തിരുന്നു. അതേസമയം, തീരുമാനത്തിൽ നിന്ന് ഉടമകൾ പിൻമാറണമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ ആവശ്യപ്പെട്ടു. ആന ഉടമകളുടെ തീരുമാനം നിർഭാഗ്യകരമെന്നും, വിലക്കും പൂരവുമായി ബന്ധമില്ലെന്നും മന്ത്രി പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങൾക്ക് പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് മേയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. ഉടമകൾ ആനക്കള പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് തീരുമാനം. മന്ത്രിതലയോഗത്തിലെ തീരുമാനം സർക്കാർ അട്ടിമറിച്ചെന്നും ഡോക്‌ടർമാരെ പോലും ഭീഷണിപ്പെടുത്തി ആനയ്‌ക്ക് സർട്ടിഫിക്കറ്റ് നൽകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ നടത്തുന്ന ഗൂഡാലോചനയാണിതെന്നും ഫെഡറേഷൻ പ്രതിനിധികൾ ആരോപിച്ചു. വനംവകുപ്പ് മന്ത്രിയും ഇതിന് കൂട്ടുനിൽക്കുകയാണ്. പിന്നിൽ വൻഗൂഡാലോചനയുണ്ട്. അത് മന്ത്രി തന്നെ വ്യക്തമാക്കണമെന്നും വാർത്താ സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു. ഉത്സവം നാടിന്റെ ആഘോഷമാണ്. ഉടമകൾക്ക് കാശുണ്ടാക്കുന്നതിനുള്ള മാർഗം മാത്രമല്ല ആനയെന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് പിൻവലിക്കും വരെ ബഹിഷ്‌കരണം തുടരുമെന്നും സംഘടന പറഞ്ഞു.
അതേസമയം, തൃശൂർ പൂരം സംബന്ധിച്ച് ഉണ്ടായിട്ടുള്ള പ്രശ്‌നം എല്ലാവരോടും കൂടിയാലോചിച്ച് പരിഹരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പൂരത്തിൽ നിന്ന് ആനയുടമകൾ മാറിനിൽക്കുമെന്ന് കരുതുന്നില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അവർ അത് മനസിലാക്കുമെന്ന് കരുതുന്നതായും മന്ത്രി പറഞ്ഞു.