higher-secondary
higher secondary

തിരുവനന്തപുരം: ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ 84.33 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞവർഷം ഇത് 83.75 % ആയിരുന്നു. 183 വിദ്യാർത്ഥികൾക്ക് 1200ൽ 1200 ലഭിച്ചു. സ്‌കൂൾ ഗോയിംഗ് റഗുലർ വിഭാഗത്തിൽ നിന്ന് പരീക്ഷ എഴുതിയ 3,69,238 പേരിൽ 3,11,375 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.

സയൻസ് വിഭാഗത്തിൽ 1,54,112 പേരും (86.04 %), ഹ്യൂമാനിറ്റീസിൽ 60,681 പേരും (79.82 %), കോമേഴ്സിൽ 96,582 പേരും (84.65%) വിജയിച്ചു. ഏറ്റവും കൂടുതൽ വിജയം കോഴിക്കോടാണ്, 87.44. കുറവ് പത്തനംതിട്ടയിൽ, 78 %.
79 സ്കൂളുകൾ 100 ശതമാനം വിജയം നേടി. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 80.07 ശതമാനമാണ് വിജയം. (കഴിഞ്ഞ വർഷം 80.32 %) ഉയർന്ന വിജയശതമാനം വയനാട്ടും (85.57) കുറവ് പത്തനംതിട്ടയിലുമാണ് (67.79). ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ജൂൺ 10 മുതൽ 17 വരെ നടക്കും. പുനർമൂല്യനിർണയത്തിനോ ഉത്തരക്കടലാസുകളുടെ പകർപ്പിനോ സൂക്ഷ്മ പരിശോധനയ്‌ക്കോ മേയ് 15നകം അപേക്ഷിക്കണം.

പ്ലസ് വൺ ക്ലാസ് ജൂൺ 3 മുതൽ

 1 മുതൽ 12 വരെ ക്ലാസുകൾ ഒരേ
ദിവസം തുടങ്ങുന്നത് ഇതാദ്യം

പ്ലസ് വൺ ക്ലാസുകൾ അദ്ധ്യയന വർഷം തുടങ്ങുന്ന ജൂൺ മൂന്നിന് ആരംഭിക്കും. ഇതിനായുള്ള നടപടികൾക്ക് തുടക്കം കുറിച്ചതായി അധികൃതർ അറിയിച്ചു. ഇതാദ്യമായാണ് 1 മുതൽ 12 വരെ ക്ലാസുകൾ ഒരേ ദിവസം തുടങ്ങുന്നത്.

മുൻവർഷങ്ങളിൽ ജൂൺ അവസാന വാരത്തിലോ ജൂലായ് ആദ്യവാരത്തിലോ ആയിരുന്നു പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയിരുന്നത്. മേയ് 10 മുതൽ പ്ലസ് വൺ അപേക്ഷ സ്വീകരിച്ചുതുടങ്ങും. 20ന് ട്രയൽ അലോട്ട്‌മെന്റും 24ന് ആദ്യഘട്ട അലോട്ട്‌മെന്റും നടക്കും.