കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രിലങ്കയിലെ ക്രിസ്ത്യൻ പള്ളിയിലും ഹോട്ടലുകളിലുമുണ്ടായ ഭീകരാക്രമണങ്ങൾക്ക് ശേഷം മുസ്ളീം വിഭാഗങ്ങൾക്കെതിരെ രാജ്യത്ത് വ്യാപക ആക്രമണം നടക്കുന്നതായി റിപ്പോർട്ട്. മുസ്ലീം വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായും അവരുടെ സ്ഥാപനങ്ങളും കടകളും ഒരു കൂട്ടം അടിച്ചു തകർക്കുന്നെന്നും റിപ്പോർട്ടുണ്ട്.
നെഗംബോയിലെ പൊറുട്ടോട്ട വില്ലേജിൽ കഴിഞ്ഞ ദിവസം ഒരു മുസ്ലീം ഓട്ടോറിക്ഷ ഡ്രൈവറും കത്തോലിക്ക വിഭാഗവും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തത്. കത്തോലിക്ക വിഭാഗങ്ങൾ ഓട്ടോറിക്ഷ പരിശോധിക്കണമെന്ന് കത്തോലിക്ക വിഭാഗത്തിൽപ്പെടുന്നവർ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതായാണ് വിവരം.
അതേസമയം, മതവിഭാഗങ്ങൾക്ക് സംഭവത്തിൽ പങ്കില്ലെന്നും പകരം മദ്യപാനികളുടെ രണ്ടു ഗ്രൂപ്പുകൾ ചേർന്നാണ് ആക്രമം അഴിച്ചു വിട്ടതെന്ന് ശ്രീലങ്കൻ പൊലീസ് വക്താവ് റുവാൻ ഗുശേഖര വ്യക്തമാക്കി. സംഘർഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ടെന്നും പൊലീസ് മേധാവി വ്യക്തമാക്കി. ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്ന് പ്രധാനമന്ത്രി റനിൽ വിക്രമസിഗെയും വ്യക്തമാക്കി.