letter

ലക്‌നൗ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ, പ്രധാനമന്ത്രി നരേന്ദ്രമോദി മോശമാക്കി ചിത്രീകരിക്കുന്നതിൽ മനംനൊന്ത് തിരഞ്ഞെടുപ്പ് കമ്മിഷന് യുവാവിന്റെ രക്തംകൊണ്ടെഴുതിയ കത്ത്. യു.പിയിലെ അമേതി സ്വദേശിയായ മനോജ് കശ്യപാണ് ഈ സാഹസത്തിന് മുതിർന്നത്. രാജീവ് ഗാന്ധിയെക്കുറിച്ച് മോദിയുടെ പരാമർശങ്ങളിൽ തനിക്ക് വിഷമമുണ്ടെന്നും, ഇത്തരം പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് മോദിയെ വിലക്കണമെന്നും മനോജ് കത്തിൽ പറയുന്നുണ്ട്. യു.പി നിയമസഭ കൗൺസിൽ അംഗം ദീപക് സിംഗാണ് കത്ത് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.

വോട്ട് ചെയ്യാനുള്ള പ്രായം പതിനെട്ടാക്കി കുറച്ചത് രാജീവ് ഗാന്ധിയാണ്. പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയതും രാജ്യത്ത് കമ്പ്യൂട്ടർ വിപ്ലവം കൊണ്ടുവന്നതും രാജീവാണ് - മനോജ് കത്തിൽ പറയുന്നു. മാത്രമല്ല, തന്റെ കത്തിന് രാഷ്ട്രീയമാനങ്ങളില്ലെന്നും രാജീവുമായി വൈകാരികമായി അടുപ്പമുള്ളതിനാലാണെന്നും മനോജ് വ്യക്തമാക്കുന്നു. അമേതിയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം രാജീവ് ഗാന്ധിയെ അപമാനിക്കുന്നവർ അദ്ദേഹത്തെ വധിച്ചവർക്ക് സമാനമാണെന്നും മനോജ് പറയുന്നുണ്ട്.