election-2019

ആറാം ഘട്ട തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളിൽ മഹാകോടീശ്വരൻ, മുൻ കേന്ദ്രമന്ത്രി മാധവ്റാവു സിന്ധ്യയുടെ പുത്രനും മദ്ധ്യപ്രദേശിലെ ഗുണ എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യയാണ്. ഇത്തവണ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം അദ്ദേഹം സമർപ്പിച്ച രേഖകൾ പ്രകാരം സമ്പാദ്യം 374 കോടി രൂപ. പ്രിയങ്കാ ഗാന്ധി കിഴക്കൻ ഉത്തർപ്രദേശിന്റെ സംഘടനാ ചുമതലയിലുള്ളതു പോലെ, പടിഞ്ഞാറൻ യു.പിയിൽ കോൺഗ്രസ് പ്രചാരണ ചുമതല ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കാണ്.

ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ ആണ് കോടീശ്വര പട്ടികയിലെ രണ്ടാമൻ. വെളിപ്പെടുത്തിയ സമ്പാദ്യം 147 കോടി. മേയ് പന്ത്രണ്ടിനു നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത് ആകെ 967 സ്ഥാനാർത്ഥികളാണ്.

ബി.ജെ.പിയിൽ നിന്ന് നാൽപത്തിയാറും, കോൺഗ്രസിൽ നിന്ന് മുപ്പത്തിയേഴും പേരാണ് ആറാം ഘട്ടത്തിൽ ഒരു കോടി രൂപയിലധികം മൂല്യമുള്ള സ്വത്ത് വെളിപ്പെടുത്തിയവർ. ബി.എസ്.പിയിലെ 31 സ്ഥാനാർത്ഥികൾ കോടീശ്വരന്മാരാണ്. ആം ആദ്മിയിൽ നിന്ന് ആറു പേരാണ് പട്ടികയിൽ. മത്സരരംഗത്തുള്ള സ്വതന്ത്രന്മാരും നിസ്സാരന്മാരല്ല. ആകെയുള്ള 307 സ്വതന്ത്ര സ്ഥാനാർത്ഥികളിൽ 71 പേരാണ് നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പം ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യവിവരം രേഖപ്പെടുത്തിയിരിക്കുന്നത്. പശ്ചിമ ബംഗാളിലെ പുരുലിയ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ശിവസേനാ സ്ഥാനാർത്ഥിയായ രജീബ് മഹതോ സമർപ്പിച്ച രേഖകളനുസരിച്ച് സമ്പാദ്യം പൂജ്യം!

സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യതയിലെ കൗതുകം ഇങ്ങനെ: അഞ്ചാം ക്ളാസിനും പന്ത്രണ്ടാം ക്ളാസിനുമിടയ്‌ക്ക് വിദ്യാഭ്യാസ യോഗ്യതയുള്ള 395 പേരാണ് ആറാംഘട്ട പട്ടികയിലുള്ളത്. ബിരുദധാരികളുടെ എണ്ണം 509. അക്ഷരം കൂട്ടിവായിക്കാൻ മാത്രമറിയാവുന്ന മുപ്പത്തിയഞ്ചു പേരും, അക്ഷരം തന്നെ പിടിയില്ലാത്ത പത്തു പേരുമുണ്ട് പ്രബുദ്ധഭാരതത്തിന്റെ ഭാവി നിർണയിക്കാൻ അവസരം തേടുന്നവരിൽ. ഏഴു സംസ്ഥാനങ്ങളിലായുള്ള 59 ലോക്‌സഭാ മണ്ഡലങ്ങളിലേക്കാണ് ഞായറാഴ്‌ച നടക്കുന്ന വോട്ടെടുപ്പ്.