ബോക്‌സോഫീസിൽ 150 കോടിയും കടന്ന് ഇരുന്നൂറിലേക്ക് കുതിക്കുകയാണ് ലൂസിഫർ. മോഹൻലാൽ എന്ന സൂപ്പർതാരത്തിന്റെ മാസ് അപ്പിയറൻസ് കൃത്യമായ പാകത്തിൽ പ്രയോജനപ്പെടുത്തി പൃഥ്വിരാജ് ഒരുക്കിയ ചിത്രം റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. അൻപതിലധികം ദിവസം പിന്നിട്ടിട്ടും തിയേറ്ററുകളിൽ നിറഞ്ഞോടുന്ന ചിത്രം ആരാധകർ പലതവണ കണ്ടു കഴിഞ്ഞു. അതിന് അവരെ പ്രേരിപ്പിക്കുന്നത് സിനിമയ്‌ക്കുള്ളിലെ ലാൽ മാജിക്ക് ആണെന്നതിൽ സംശയമില്ല. പൊലീസുകാരനെ ലാൽ ചവിട്ടുന്ന രംഗമാണ് ഇതിൽ ഏറ്റവും കൈയടി നേടുന്നത്.
ഇപ്പോഴിതാ ആ രംഗവുമായി ബന്ധപ്പെട്ട് അടുത്തിടെ പൃഥ്വിരാജ് തന്നെ പറഞ്ഞവാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് നിശയ്‌ക്കെത്തിയപ്പോഴാണ് പൃഥ്വി മനസു തുറന്നത്. ലൂസിഫറിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം പൃഥ്വിരാജിനായിരുന്നു. പുരസ്‌കാരം പൃഥ്വിക്ക് സമ്മാനിച്ചത് സംവിധായകൻ ഭദ്രനാണ്.
പുരസ്‌കാരം സ്വീകരിച്ച ശേഷം ഭദ്രനുമായുള്ള തന്റെ അടുപ്പത്തെക്കുറിച്ച് പൃഥ്വി പറഞ്ഞു. ലൂസിഫർ തുടങ്ങുന്നതിന്റെ തലേന്ന് ഭദ്രനെ വിളിച്ച് താൻ അനുഗ്രഹം തേടിയെന്നും കൂടാതെ ചിത്രത്തിലെ ഏറ്റവും വലിയ മാസ് സീനായ പൊലീസുകാരനെ ചവിട്ടുന്ന രംഗം റിലീസിനു മുമ്പ് തന്റെ സിനിമയ്ക്ക് പുറത്തുള്ള ഒരാൾ മാത്രമെ കണ്ടിട്ടുള്ളുവെന്നും അത് ഭദ്രനാണെന്നും പൃഥ്വി വെളിപ്പെടുത്തി.
ഒളിമ്പ്യൻ ആന്റണി ആദം, സ്ഫടികം എന്ന ചിത്രത്തിലെ സമാനരംഗമാണ് തന്നെ അതു ചെയ്യാൻ പ്രചോദനമായതെന്നും അതു കൊണ്ടാണ് ആ സീൻ നേരത്തെ തന്നെ അദ്ദേഹത്തെ കാണിച്ചതെന്നും താരം പറഞ്ഞു.
സിനിമയിലെത്തിയ കാലം മുതൽ പൃഥ്വിരാജ് കാട്ടുന്ന കൗതുകവും നിരീക്ഷണവുമാണ് ഒരു മികച്ച സംവിധായകനാക്കി അദ്ദഹത്തെ മാറ്റിയതെന്നു ഭദ്രൻ വ്യക്തമാക്കി. അന്നും ഇന്നും പൃഥ്വിയുടെ പെരുമാറ്റത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും ഭദ്രൻ കൂട്ടിച്ചേർത്തു.