share

 സെൻസെക്‌സ് 487 പോയിന്റും നിഫ്‌റ്റി 138 പോയിന്റും ഇടിഞ്ഞു

കൊച്ചി: ആഗോള-ആഭ്യന്തര തലങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ താങ്ങാനാവാതെ തുടർച്ചയായ മൂന്നാം നാളിലും ഇന്ത്യൻ ഓഹരി സൂചികകൾ വൻ നഷ്‌ടത്തിലേക്ക് കൂപ്പുകുത്തി. സെൻസെക്‌സ് 487 പോയിന്റ് തകർന്ന് 37,​789ലും നിഫ്‌റ്റി 138 പോയിന്റ് ഇടിഞ്ഞ് 11,​359ലുമാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞ ഒരുമാസത്തിനിടെ സെൻസെക്‌സും നിഫ്‌റ്റിയും വ്യാപാരം പൂർത്തിയാക്കുന്ന ഏറ്റവും കുറഞ്ഞ നിലയാണിത്. സീ എന്റർടെയ്‌ൻമെന്റ്,​ ബജാജ് ഫിനാൻസ്,​ ടാറ്രാ മോട്ടോഴ്‌സ്,​ റിലയൻസ് ഇൻഡസ്‌ട്രീസ്,​ ബജാജ് ഓട്ടോ,​ സൺഫാർമ,​ ബജാജ് ഫിൻസെർവ്,​ എൻ.ടി.പി.സി.,​ എസ്.ബി.ഐ എന്നിവയാണ് ഏറ്റവും വലിയ നഷ്‌ടം നേരിട്ട പ്രമുഖ ഓഹരികൾ.

വീണ്ടും രൂക്ഷമായ അമേരിക്ക-ചൈന വ്യാപാരയുദ്ധം,​ വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്,​ ഓഹരികളിൽ ദൃശ്യമായ കനത്ത ലാഭമെടുപ്പ്,​ കോർപ്പറേറ്റ സ്ഥാപനങ്ങളുടെ നാലാംപാദത്തിലെ മോശം പ്രവർത്തനഫലം,​ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സമ്മർദ്ദം എന്നിവയാണ് ഓഹരിത്തകർച്ചയുടെ കാരണങ്ങൾ. ചൈനയിൽ നിന്ന് നിലവിൽ അമേരിക്കയിൽ ഇറക്കുമതി ചെയ്യുന്ന ചെറുകിട ഉത്‌പന്നങ്ങളുടെ നികുതി പത്തു ശതമാനത്തിൽ നിന്ന് 25 ശതമാനമായി കൂട്ടുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനമാണ് ആഗോള തലത്തിൽ ഓഹരികളെ തകർച്ചയിലേക്ക് തള്ളിയ പ്രധാന കാരണം.

ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള തലത്തിൽ ഓഹരി വിപണികളിൽ നിന്ന് നിക്ഷേപം കൊഴിയുകയാണ്. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഈമാസത്തെ ആദ്യ നാല് സെഷനുകളിലായി മാത്രം 150 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിറ്രൊഴിഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടന്നെങ്കിലും ഇനിയും പിടിതരാത്ത ട്രെൻഡും നിക്ഷേപകരെ വലയ്ക്കുകയാണ്.

1,174

ഈയാഴ്‌ച ഇതുവരെ സെൻസെക്‌സ് നേരിട്ടത് 1,​174 പോയിന്റുകളുടെ നഷ്‌ടം. നിഫ്‌റ്റി 353 പോയിന്റും ഇടിഞ്ഞു

₹4.14 ലക്ഷം കോടി

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സെൻസെക്‌സിലെ നിക്ഷേപകർക്കുണ്ടായ നഷ്‌ടം 4.14 ലക്ഷം കോടി രൂപ. ഇന്നലെ മാത്രം നഷ്‌ടമായത് 1.67 ലക്ഷം കോടി രൂപയാണ്.

ഇടിവിന് പിന്നിൽ

 വീണ്ടും രൂക്ഷമായ അമേരിക്ക-ചൈന വ്യാപാരയുദ്ധം

 കോർപ്പറേറ്ര് കമ്പനികളുടെ മോശം പ്രവർത്തനഫലം

 വിദേശ നിക്ഷേപത്തിലെ കൊഴിഞ്ഞുപോക്ക്

 ട്രെൻഡ് നിശ്‌ചയമില്ലാതെ പുരോഗമിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്

രൂപയും തളരുന്നു

അമേരിക്ക-ചൈന വ്യാപാരപ്പോരിന്റെ പിൻബലത്തിൽ ഡോളർ നടത്തുന്ന മുന്നേറ്റം രൂപയെ തളർത്തുകയാണ്. ഡോളറിനെതിരെ 28 പൈസ ഇടിഞ്ഞ് 69.71ലാണ് രൂപ ഇന്നലെ വ്യാപാരം പൂർത്തിയാക്കിയത്.