ഗുണ സിറ്റിയിൽ (മദ്ധ്യപ്രദേശ്) നിന്ന് നാൽപത്തിയഞ്ചു കിലോമീറ്റർ ദൂരെയാണ് ബാമോരി ഗ്രാമം. ഉച്ചച്ചൂട് കത്തിനിൽക്കുന്ന നേരം. മഹാരാജാവിനെ കാത്തിരിക്കുകയാണ് ആയിരത്തോളം വരുന്ന ആൾക്കൂട്ടം. രാജാവ് വരുന്നതിനു മുമ്പ് നേരംപോക്കാൻ മറ്റാരും പ്രസംഗിക്കുന്നില്ല. എന്നിട്ടും, ജനക്കൂട്ടം ആ പൊരിവെയിലിൽ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കു വേണ്ടി വിയർത്തൊലിച്ച് കാത്തിരുന്നു.
ഒടുവിൽ ആരവങ്ങൾക്കും ആർപ്പുവിളികൾക്കും നടുവിലേക്ക് മഹാരാജാവ് എഴുന്നള്ളി. പ്രചാരണവേദികളിലെ പതിവു വേഷമായ ഇളംനീല കുർത്തയും വെള്ള പൈജാമയും. പിന്നെ, പതിവില്ലാത്ത വണ്ണം തലയിൽ വെളുത്ത മുണ്ടുകൊണ്ട് ഒരു കെട്ടും. മൈക്ക് കൈയിലെടുത്താൻ സിന്ധ്യ മാന്ത്രികനാണ്. ആൾക്കൂട്ടം എത്രനേരം വേണമെങ്കിലും നിശ്ശബ്‌ദം കേട്ടിരിക്കും. ഇടയ്‌ക്ക് സിന്ധ്യയുടെ വക ചില ചെപ്പടിവിദ്യകളുണ്ട്. അതൊക്കെ ഏതു വേദിയിലും പ്രതീക്ഷിക്കാം.
സഹിക്കാൻ വയ്യാത്ത ചൂടാണ്. വെയിലത്തിറങ്ങിയാൽ തല വിയർത്തൊലിക്കും- തലയിലെ കെട്ടിന്റെ രഹസ്യം വെളിപ്പെടുത്തുന്നതു പോലെ ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞുതുടങ്ങുന്നു. പഴയ തലമുറക്കാർ പറയാറുണ്ട്- വേനൽക്കാലത്ത് തലയിൽ ഒരു മുണ്ടും കീശയിൽ ഒരു വലിയുള്ളിയും സൂക്ഷിക്കണമെന്ന്! കുർത്തയുടെ കീശയിൽ നിന്ന് സിന്ധ്യ പതുക്കെ ഒരു വലിയുള്ളി തപ്പിയെടുത്തു. അതിന്റെ രഹസ്യം ആദ്യം ആൾക്കൂട്ടത്തിന് പിടികിട്ടിയില്ല. പ്രസംഗവേദിയിൽ ജ്യോതിരാദിത്യ സിന്ധ്യ അടുത്ത നിമിഷം എന്തു പറയുമെന്നോ, എന്തു ചെയ്യുമെന്നോ ആർക്കും പ്രവചിക്കാനാകില്ല!
ഞായറാഴ്‌ച വോട്ടുചെയ്യാൻ പോകുമ്പോൾ ചൂടു കാരണം നിങ്ങളെല്ലാവരും തലയിൽ മുണ്ടു കെട്ടുമെന്ന് എനിക്കറിയാം. പഴമക്കാർ പറയുന്നതുപോലെ പോക്കറ്റിൽ ഉള്ളി കൂടി കരുതുക. അത് ഈ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ കരയിക്കാനാണ്... സിന്ധ്യയുടെ തമാശ ജനക്കൂട്ടത്തിന് രസിച്ചു. നീണ്ട കൈയടി. എല്ലാവരുമൊന്ന് ഇളകിയിരുന്നു.
ഗുണ മണ്ഡലത്തിൽ ജ്യോതിരാദിത്യ സിന്ധ്യ പ്രചാരണം തുടങ്ങിയത് വൈകിയാണ്. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രചാരണത്തിന്റെ മുഴുവൻ ചുമതല സിന്ധ്യയുടെ ചുമലിലാണ്. അതൊന്ന് ഒതുക്കി സ്വന്തം മണ്ഡലത്തിലെത്താൻ വൈകി. പക്ഷേ, ഗുണ നിവാസികൾക്ക് അതൊന്നും വിഷയമല്ല. ഒരു ചലച്ചിത്രതാരത്തേക്കാൾ താരപരിവേഷമുണ്ട് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ഗുണ മണ്ഡലത്തിൽ. 2002 മുതൽ തുടർച്ചയായ നാലു തിരഞ്ഞെടുപ്പുകളിലും ഗുണയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് ജ്യോതിരാദിത്യ സിന്ധ്യ തന്നെ. അതിനു മുമ്പ് അച്ഛൻ മാധവ്റാവു സിന്ധ്യ. അതിനു മുമ്പ് ജ്യോതിരാദിത്യയുടെ മുത്തശ്ശി രാജമാതാ വിജയരാജെ സിന്ധ്യ (ബി.ജെ.പി). കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 86,360 വോട്ട് ആയിരുന്നു ജ്യോതിരാദിത്യയുടെ ഭൂരിപക്ഷം.
രാജമാതാ ബി.ജെ.പിയിൽ ആയിരുന്നെങ്കിലും മകൻ മാധവ്റാവു തുടക്കകാലത്തുതന്നെ ജനസംഘത്തിൽ നിന്ന് കോൺഗ്രസിലെത്തിയതാണ്. 2001-ൽ ഉത്തർപ്രദേശിലുണ്ടായ വിമാനാപകടത്തിൽ മാധവ്റാവു സിന്ധ്യ മരണമടഞ്ഞതിനെ തുടർന്നായിരുന്നു മകൻ ജ്യോതിരാദിത്യയുടെ രാഷ്‌ട്രീയപ്രവേശം. അച്ഛൻ മരിച്ച ഒഴിവിൽ, 2002- ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഗുണയിൽ നിന്ന് ജ്യോതിരാദിത്യ കോൺഗ്രസ് സ്ഥാനാർത്ഥിയായി. അന്ന് ബി.ജെ.പിയിലെ ദേശ്‌രാജ് സിംഗ് യാദവിനെ നാലരലക്ഷം വോട്ടിനാണ് ജ്യോതിരാദിത്യ പരാജയപ്പെടുത്തിയത്.
ഇത്തവണ ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യയെ വെള്ളംകുടിപ്പിക്കുമെന്ന് സ്ഥാനാർത്ഥി നിർണയത്തിനു മുമ്പ് ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ അമിത് ഷാ ആവർത്തിച്ചിരുന്നെങ്കിലും ഒടുവിൽ ടിക്കറ്റ് നൽകിയത് ഛോട്ടാ നേതാവായ കെ.പി. യാദവിന്. സിന്ധ്യ കുടുംബത്തോട് മത്സരിക്കാൻ ഗുണയിൽ ബി.ജെ.പിക്ക് ആളെക്കിട്ടുന്ന കാര്യം അൽപം പ്രയാസം തന്നെ.