തൃശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളത്തിന് ‌വിലക്ക് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച്, ഉത്സവങ്ങൾക്ക് ആനകളെ വിട്ടുകൊടുക്കില്ലെന്ന് ആനയുടമകൾ പ്രഖ്യാപിച്ചതോടെ തൃശൂർ പൂരം പ്രതിസന്ധിയിലാവുമെന്ന് ആശങ്ക പരന്നു. ഗുരുവായൂരിലെ ഒരു വീട്ടിൽ പാലുകാച്ച് ‌ചടങ്ങിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയ ഈ ആനയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് വനംമന്ത്രി കെ. രാജു ഔദ്യോഗിക ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതാണ് ഉടമകളെ പ്രകോപിപ്പിച്ചത്. 2009 നുശേഷം ഇതുൾപ്പെടെ ഒൻപത് പേരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ കൊലപ്പെടുത്തിയിട്ടുണ്ട്.
11 മുതൽ പൂരം, ഉത്സവം, തിരുനാൾ, നേർച്ച തുടങ്ങിയവയ്ക്ക് ആനകളെ വിട്ടുകൊടുക്കേണ്ടെന്ന് എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷന്റെ തൃശൂരിൽ ചേർന്ന അടിയന്തര യോഗമാണ് തീരുമാനിച്ചത്. ആനകളെ എഴുന്നള്ളിക്കുന്നതിന് സൗകര്യമൊരുക്കുമെന്നാണ് തിരുവനന്തപുരത്ത് ചേർന്ന മന്ത്രിതല യോഗത്തിൽ തീരുമാനിച്ചിരുന്നത്. മന്ത്രിമാരായ കെ. രാജുവും വി.എസ്. സുനിൽ കുമാറും ആനയുടമകളുടെ സംഘടനാ പ്രതിനിധികളും ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചെന്നും ഫെഡറേഷൻ ഭാരവാഹികൾ ആരോപിച്ചു.
ഉത്സവത്തിനിടയിൽ ആന ഇടഞ്ഞാൽ ആനയുടമയും പാപ്പാനും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറും കുറ്റക്കാരാകുമെന്ന നിയമം അടിച്ചേല്പിക്കുകയാണ്. ആരെങ്കിലും മരിച്ചാൽ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തുന്നത്. ഉത്സവങ്ങളെ തകർക്കാനുള്ള ശ്രമമാണിതെന്നാണ് ഫെഡറേഷൻ ഭാരവാഹികൾ ആരോപിക്കുന്നത്. ആനയുടമകളുടെ നിലപാട് പുറത്തുവന്നതിന് പിന്നാലെ രാമനിലയത്തിൽ മന്ത്രി വി.എസ്. സുനിൽ കുമാർ പാറമേക്കാവ്, തിരുവമ്പാടി, ഗുരുവായൂർ ദേവസ്വം ഭാരവാഹികളുമായി അടിയന്തര ചർച്ച നടത്തി. തർക്കവും പ്രതിഷേധവും അതിരുകടക്കാതിരിക്കാൻ ദേവസ്വം ഭാരവാഹികൾ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഇന്ന് ഫെഡറേഷൻ ഭാരവാഹികളുമായി ദേവസ്വം മന്ത്രി തിരുവനന്തപുരത്ത് ചർച്ച നടത്തും. ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ വിവിധ ദേവസ്വങ്ങളുടെ ആനകളുമായി പൂരം നടത്തേണ്ടി വരും. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കെഗോപുര നട പൂരത്തലേന്ന് തുറക്കുന്ന ചടങ്ങ് വർഷങ്ങളായി നിർവഹിക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ഈ ചടങ്ങ് പ്രസിദ്ധമായതും രാമചന്ദ്രന്റെ വരവോടെയാണ്. എന്നാൽ, ഗുരുവായൂരിലെ രണ്ട് പേരുടെ മരണത്തോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്നത് 15 ദിവസത്തേക്ക് വിലക്കിയിരുന്നു. ഫിറ്റ്‌നസ് പരിശോധനയിൽ ആനയുടെ ആരോഗ്യസ്ഥിതി മോശമാണെന്ന വനംവകുപ്പിന്റെ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

ഗുരുവായൂർ ദേവസ്വത്തിന്റെ ആനകൾ

80 മുതൽ 100 ആനകൾ വരെയാണ് തൃശൂർ പൂരത്തിന് ആവശ്യമുള്ളത്. ഗുരുവായൂർ ദേവസ്വത്തിന്റെ 60ൽ അധികം വരുന്ന ആനകളെ വിട്ടുകൊടുക്കാൻ തയ്യാറാണെന്ന് ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അറിയിച്ചു. കൂടൽ മാണിക്യം, തിരുവമ്പാടി, പാറമേക്കാവ് തുടങ്ങിയ ദേവസ്വങ്ങളുടെ ആനകളെയും ഉപയോഗിക്കേണ്ടി വരും.