തിരുവനന്തപുരം: മേയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ വിട്ടുനൽകില്ലെന്ന ആനഉടമകളുടെ തീരുമാനത്തെതുടർന്ന് തൃശൂർ പൂരം നടത്തിപ്പിൽ ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാൻ ചർച്ചയ്ക്ക് തയ്യാറായി സർക്കാർ. തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് ആന ഉടമകളുമായി ചർച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യംമാത്രമാണുള്ളത്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിൽ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം കൽപ്പിക്കുന്നതെന്നും ഉത്സവങ്ങൾക്ക് സർക്കാർ എതിരല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ആനയുടമകളുടെ ഇപ്പോഴത്തെ തീരുമാനം നിർഭാഗ്യകരമാണ്. അവർ ആ തീരുമാനത്തിൽ നിന്ന് പിൻമാറുമെന്നാണ് പ്രതീക്ഷയെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആനയുടമകളുമായി അടുത്ത ദിവസം കൂടിയാലോചനകൾ നടത്താൻ ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
നാളെ ആനയുടമകളുമായി ദേവസ്വം മന്ത്രി കൂടിക്കാഴ്ച നടത്തുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാjറും വ്യക്തമാക്കിയിരുന്നു.
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങൾക്ക് പങ്കെടുക്കാൻ വിലക്കേർപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് മേയ് 11 മുതൽ ഉത്സവങ്ങൾക്കും പൊതുപരിപാടികൾക്കും ആനകളെ നൽകില്ലെന്ന് ആന ഉടമകളുടെ സംഘടന പ്രഖ്യാപിച്ചത്. തൃശൂർ പൂരത്തിന് മറ്റ് ആനകളെയും വിട്ടു നൽകില്ല. ഉടമകൾ ആനകളെ പീഡിപ്പിച്ച് കോടികൾ ഉണ്ടാക്കുന്നുവെന്ന വനം മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്നും സംഘടന വ്യക്തമാക്കിയിരുന്നു.