election
election

ന്യൂഡൽഹി: ത്രിപുരയിലെ 168 പോളിംഗ് ബൂത്തുകളിൽ റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. പടിഞ്ഞാറൻ ത്രിപുര ലോക്സഭാ മണ്ഡലത്തിലെ 1700 പോളിംഗ് ബൂത്തുകളിൽ ഏപ്രിൽ 11നായിരുന്നു വോട്ടെടുപ്പ്. മേയ് 12നാണ് ഇവിടുത്തെ റീപോളിംഗ്. ഇവിടങ്ങളിൽ വ്യാപകമായി ബൂത്ത് പിടിത്തവും സംഘർഷവും നടന്നെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. അതേസമയം, എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് വേണമെന്ന പ്രതിപക്ഷ കക്ഷികളുടെ ആവശ്യം കമ്മിഷൻ തള്ളി. 83 ശതമാനം വോട്ടായിരുന്നു 11ന് ത്രിപുരയിൽ രേഖപ്പെടുത്തിയത്. ഭൂരിപക്ഷം വോട്ടർമാരെയും സ്വതന്ത്രമായി വോട്ട് ചെയ്യാൻ അനുവദിച്ചിരുന്നില്ലെന്നും റീപോളിംഗ് നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സി.പി.എം സെക്രട്ടറി ഗൗതം ദാസ് പറഞ്ഞു.