പുൽപള്ളി: നാട്ടിലിറങ്ങി ഭീതി പരത്തിയ കടുവയെ വനപാലക സംഘം വനത്തിലേക്ക് തുരത്തി. കേരള- കർണാടക വനാതിർത്തി ഗ്രാമമായ പാറക്കടവിലെ കൃഷിയിടങ്ങളിലെ കുറ്റിക്കാടുകളിലായിരുന്നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കടുവയെ കണ്ടത്. പൊട്ടക്കൽ ഷാജി, കൊളാശ്ശേരി വർഗീസ്, അയനിക്കുടി പീതാംബരൻ തുടങ്ങിയവരുടെ കൃഷിയിടങ്ങൾ കടുവ സങ്കേതമാക്കി. വനപാലകരും പൊലീസ് അധികൃതരും ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും സന്ധ്യയോടെ തെരച്ചിൽ നിറുത്തേണ്ടിവന്നു. ജനങ്ങൾ തടിച്ചുകൂടാതിരിക്കാൻ കളക്ടർ ഈ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ കാപ്പിപ്പാടി ആദിവാസി കോളനിയിലെ മിനിയുടെ ആടിനെ കടുവ കടിച്ചുതിന്നിരുന്നു. തുടർന്ന് വണ്ടിക്കടവിലെ കൃഷിയിടങ്ങളിലേക്ക് നീങ്ങിയതറിഞ്ഞ വനപാലകസംഘം പടക്കം പൊട്ടിച്ച് കടുവയെ ഓടിച്ച് സമീപത്തുള്ള മാവിലാംതോടിന്റെ കരയിലെത്തിക്കുകയും മറുകരയിലുള്ള വനത്തിലേക്ക് കടത്തിവിടുകയും ചെയ്തു.
ശാരീരികമായി അവശനായ ഏകദേശം എട്ട് വയസുള്ള ആൺ കടുവയാണിതെന്ന് വനപാലകർ പറഞ്ഞു. കടുവ വീണ്ടും തിരിച്ചുവരുമോ എന്ന ഭീതി ജനങ്ങൾക്കുണ്ട്. വലവിരിച്ചോ കൂടുവച്ചോ പിടികൂടി മൃഗശാലയിലോ കടുവാ സങ്കേതത്തിലോ എത്തിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സൗത്ത് വയനാട് ഡി.എഫ്.ഒ രഞ്ജിത് കുമാർ, ചെതലയം റേഞ്ച് ഓഫീസർ പി. രതീശൻ, മേപ്പാടി റേഞ്ച് ഓഫീസർ ബാബുരാജ്, കൽപ്പറ്റ റേഞ്ച് ഓഫീസർ കെ.ജെ. ജോസ്, ബന്ദിപ്പൂർ ടൈഗർ പ്രോജക്ട് റിസർവ് വനപാലക സംഘം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.