nipah

കോഴിക്കോട്: കേരളത്തെ നടുക്കിയ നിപ്പയിൽ നിർണായക വെളിപ്പെടുത്തലുമായി രോഗം ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ സുഹൃത്ത്. നിപ്പ വെെറസ് ബാധിച്ച് മരിച്ച സാബിത്ത് വവ്വാലിനെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് സൂപ്പിക്കട നിവാസിയായ ബീരാൻ കുട്ടി പറയുന്നു. നിപ്പ ബാധിച്ച് മരിച്ച് മൂസയുടെ സുഹൃത്താണ് വീരാൻകുട്ടി.

വവ്വാലിനെ കെെകൊണ്ട് എടുത്തുമാറ്റുമ്പോൾ സാബിത്തിന്റെ കെെയ്യിൽ വവ്വാലിന്റെ രക്തം പുരണ്ടെന്നാമാണ് ബീരാൻ വെളിപ്പെടുത്തുന്നത്. ബെെക്ക് യാത്രയിലാണ് സംഭവം നടക്കുന്നതെന്ന് ബീരാൻ ഒാർത്തെടുത്തു. യാത്രയ്‌ക്കിടെ അപകടത്തിൽപെട്ട വവ്വാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാബിത്തിന്റെ കെെയ്യിൽ രക്തം പുരണ്ടിരുന്നുവെന്നാണ് ബീരാൻ പറയുന്നത്. എന്നാൽ ബീരാൻ ഇക്കാര്യം നേരത്തെ പറഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ആരോഗ്യ വിദഗ്ദർ ഇത് രേഖപ്പെടുത്തിയിരുന്നില്ല.

നിരവധി പരീക്ഷണങ്ങൾക്ക് ശേഷം ആരോഗ്യ വിദഗ്ദർ നിപ്പ പടരുന്നത് വവ്വാലിൽ നിന്നാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ അത് എങ്ങിനെയെത്തി എന്ന സംശയം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് സാബിത്തിനോടൊപ്പം പോയ ഒരു ബെെക്ക് യാത്രയെ കുറിച്ച് ബീരാൻ പറയുന്നത്. എന്നാൽ സാബിത്തിനോടൊപ്പം ഒന്നിച്ച് യാത്ര ചെയ്ത തനിക്ക് രോഗം വരാതിരുന്നത് അത്ഭുമാണെന്നും പറയുന്നു. ദിവസങ്ങളോളം മെഡിക്കൽ കോളേജിലെ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു ബീരാൻ.