asiya

ഇസ്ലാമാബാദ്: മതനിന്ദ കുറ്റം ചുമത്തപ്പെട്ട്,​ വധശിക്ഷയുംകാത്ത് പാക് ജയിലിൽ കഴിയുകയും പിന്നീട് ജയിൽമോചിതയാവുകയും ചെയ്ത ക്രൈസ്തവ യുവതി അസിയ ബീബി പാകിസ്ഥാൻ വിട്ടു. ഇക്കാര്യം പാകിസ്ഥാനും സ്ഥിരീകരിച്ചു. കാനഡ അസിയയ്ക്ക് അഭയം നൽകിയെന്നാണ് റിപ്പോർട്ട്. എട്ടുവർഷത്തെ ജയിൽവാസത്തിനുശേഷം കഴിഞ്ഞവർഷം ഒക്ടോബറിലാണ് അസിയ ജയിൽമോചിതയായത്. എന്നാൽ,​ മോചിതയായശേഷം ഇസ്ലാം തീവ്രവാദികളെ ഭയന്ന് അജ്ഞാതകേന്ദ്രത്തിലാണ് മാസങ്ങളോളം അസിയ താമസിച്ചിരുന്നത്. ലാഹോർ ഹൈക്കോടതി 2010ൽ അസിയയുടെ വധശിക്ഷ ശരിവച്ചതിനെ തുടർന്ന് മോചിതയാകുംവരെയും പാകിസ്ഥാനിലെ പേര് വെളിപ്പെടുത്താത്ത ഒരു ജയിലിലാണ് അസിയയെ തടവിലാക്കിയിരുന്നത്.

അസിയയുടെ കഥ

2009 ജൂൺ 14. അഞ്ച് കുട്ടികളുടെ അമ്മയായ അസിയാ ബീബിയുടെ ജീവിതം അപ്പാടെ മാറിമറിഞ്ഞദിനമായിരുന്നു അത്. വീടിനു സമീപത്ത് മുസ്ലീങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു കിണറ്റിൽനിന്ന് വെള്ളമെടുത്ത് ഉപയോഗിച്ചുവെന്ന പേരിലുണ്ടായ വാക്കുതർക്കം ക്രൈസ്തവയുവതിയായ അസിയയെ കൊണ്ടെത്തിച്ചത് പാക് ജയിലിലായിരുന്നു. തർക്കത്തിനൊടുവിൽ പ്രവാചകനെ കുറിച്ച് അപകീർത്തികരവും നിന്ദ്യവുമായ വാക്കുകൾ ഉപയോഗിച്ചുവെന്നതാണ് അസിയയ്ക്കെതിരെ ചുമത്തപ്പെട്ട കുറ്റം. മതനിന്ദയുടെ പേരിൽ പാകിസ്ഥാനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ആദ്യ വനിതയാണ് അസിയ. ഇവരുടെ മോചനത്തിനായി ലോകനേതാക്കാൾ ഉൾപ്പെടെയുള്ളവർ പാകിസ്ഥാന് മേൽ സമ്മർദം ചെലുത്തിയിരുന്നു.