ന്യൂഡൽഹി: ബോഫോഴ്‌സ് കേസ് പ്രതിയും ഒന്നാം നമ്പർ അഴിമതിക്കാരനുമായ രാജീവ് ഗാന്ധിയുടെ പേരിൽ ഈ തിരഞ്ഞെടുപ്പിൽ വോട്ട് തേടാൻ കോൺഗ്രസിന് ധൈര്യമുണ്ടോ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചോദ്യത്തിന് ഉശിരൻ മറുപടിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.
''ഡൽഹി പെൺകുട്ടി പരസ്യമായി വെല്ലുവിളിക്കുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാന രണ്ട് ഘട്ടങ്ങിൽ നോട്ട് നിരോധനം, ജി.എസ്.ടി , സ്ത്രീ സുരക്ഷ, രാജ്യത്തെ യുവാക്കൾക്ക് നൽകിയ പാഴ് വാഗ്ദാനങ്ങൾ ഇതൊക്കെ മുൻനിറുത്തി വോട്ട് തേടാൻ ധൈര്യമുണ്ടോ? - പ്രിയങ്ക തിരിച്ചടിച്ചു. ഡൽഹിയിൽ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് പ്രിയങ്കയുടെ മറുപടി. ഡൽഹിയിലെ റോഡ്ഷോയിൽ വൻജനപങ്കാളിത്തമാണുണ്ടായിരുന്നത്. ഇക്കഴിഞ്ഞ ജനുവരിയിൽ പാർട്ടിയിലെ ഔദ്യോഗികചുമതലകൾ ഏറ്റതിനുശേഷം ആദ്യമായാണ് പ്രിയങ്ക ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നത്. വടക്ക് കിഴക്കൻ ഡൽഹിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഷീല ദീക്ഷിത്, സൗത്ത് ഡൽഹിയിലെ സ്ഥാനാർത്ഥി വിജേന്ദർ സിംഗ് എന്നിവർക്കായി പ്രചാരണം നയിക്കാനാണ് പ്രിയങ്കയെത്തിയത്. ഈ മാസം 12നാണ് ഡൽഹിയിൽ വോട്ടെടുപ്പ്.
വെറുതെ സമയം കളയുകയാണെന്ന് കേജ്‌രിവാൾ
ന്യൂഡൽഹി: എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി യു.പിയിലും ഡൽഹിയിലും പ്രചാരണം നടത്തി വെറുതേ സമയം പാഴാക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ഡൽഹിയിൽ പ്രിയങ്കയുടെ റോഡ് ഷോ നടക്കാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കെയായിരുന്നു കേജ്‌രിവാളിന്റെ പരാമർശം. യു.പിയിൽ എസ്.പി-ബി.എസ്.പിക്കെതിരെയും ഡൽഹിയിൽ ആപ്പിനെതിരെയും പ്രവർത്തിക്കുന്നു. പക്ഷേ, എന്തുകൊണ്ടാണ് രാജസ്ഥാനിലും മദ്ധ്യപ്രദേശിലും പ്രിയങ്ക പോകാത്തത്? ബി.ജെ.പിയുമായി കോൺഗ്രസിന് നേരിട്ട് പോരാടേണ്ടിവരുന്ന ഇടങ്ങൾ പ്രിയങ്കയും രാഹുൽ ഗാന്ധിയും കോൺഗ്രസും ഒഴിവാക്കുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡൽഹിയിൽ കോൺഗ്രസുമായി സഖ്യത്തിന് ആംആദ്മി ശ്രമിച്ചിരുന്നെങ്കിലും ഇത് നടപ്പിൽവരുത്താൻ കഴിഞ്ഞിരുന്നില്ല. ഇതിനുശേഷം വലിയ വിമർശനങ്ങളാണ് കോൺഗ്രസിനുനേർക്ക് കേജ്‌രിവാൾ ഉന്നയിക്കുന്നത്.