thrissur-pooram

തൃശൂർ: തൃശൂർ പൂരത്തിന് എഴുന്നെള്ളിക്കുന്നതിന് തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ഉൾപ്പെടെ ഒരാനയെയും നിരോധിച്ചിട്ടില്ലെന്ന് മന്ത്രി കെ.രാജു. രാമചന്ദ്രന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ട്. വസ്തുത ചൂണ്ടിക്കാട്ടേണ്ടത് വൈൽഡ് ലൈഫ് വാർഡന്റെയും വനംവകുപ്പിന്റെയും ഉത്തരവാദിത്തമാണ്. രാമചന്ദ്രനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്ന് മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഗജരാജൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂർ പൂരത്തിൽ എഴുന്നള്ളിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് തങ്ങളുടെ ഒരാനകളെയും ഇനി ഒരുത്സവത്തിനും വിട്ടുനൽകില്ലെന്ന് കേരള എലിഫെന്റ് ഓണേഴ്‌സ് ഫെഡറേഷൻ തീരുമാനിച്ചിരുന്നു,​ മേയ് 11 മതൽ തൃശൂർ പൂരത്തിനടക്കം ഒരു പൊതുപരിപാടിക്കും ആനകളെ വിട്ടുനൽകില്ലെന്നാണ് ഇവരുടെ തീരുമാനം.

അതേസമയം തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് ആന ഉടമകളുമായി ചർച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലവിലെ പ്രതിസന്ധിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യംമാത്രമാണുള്ളത്. ജനക്കൂട്ടത്തിനിടയിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിൽ ആശങ്കയുണ്ട്. ജനങ്ങളുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രാധാന്യം കൽപ്പിക്കുന്നതെന്നും ഉത്സവങ്ങൾക്ക് സർക്കാർ എതിരല്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.