കോഴിക്കോട്: 'അച്ഛന്റെ ഓാർമ്മ തിരിച്ചുകൊണ്ടുവരാൻ ആര്യ വായിച്ചു ; വന്നു ഫുൾ എ പ്ളസ് ' എന്ന കേരളകൗമുദി വാർത്തയെ തുടർന്ന് ആര്യ രാജിനും പിതാവിനും സഹായ വാഗ്ദാനങ്ങൾ പ്രവഹിക്കുന്നു.
ആര്യ രാജിന്റെ തുടർ പഠന ചെലവുകൾ സേവാഭാരതി ഏറ്റെടുക്കും. അച്ഛൻ രാജന്റെ ചികിത്സാ ചെലവിലേക്ക് മാസം തോറും 5,000 രൂപയും നൽകും. കുടുംബത്തിന്റെ നിത്യചെലവുകൾ ഉൾപ്പെടെ നിർവഹിക്കാൻ സേവാഭാരതി ജില്ലാ കമ്മിറ്റിയുടെയും മലാപ്പറമ്പ് യൂണിറ്റിന്റെയും നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായും ജില്ലാ ജനറൽ സെക്രട്ടറി എം.സി. ഷാജകുമാർ അറിയിച്ചു. സേവാഭാരതി ഭാരവാഹികൾ ഇന്നലെ രാവിലെ ആര്യ രാജിന്റെ വീട്ടിലെത്തി കാര്യങ്ങൾ കുടുംബാംഗങ്ങളെ അറിയിച്ചു. ഫറോക്ക് ചെറുവണ്ണൂരിലെ കോയാസ് ഹോസ്പിറ്റൽ പിതാവിന് ഫിസിയോതെറാപ്പി സൗജന്യമായി ചെയ്തുകൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർ ഇന്ന് വീട്ടിലെത്തി ചികിത്സയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കും. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്തവർ സഹായ വാഗ്ദാനവുമായി എത്തിയിട്ടുണ്ട്.