ന്യൂഡൽഹി: ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന പ്രദേശങ്ങളിൽ പ്രചാരണത്തിന് പോകാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വെറുതെ സമയം പാഴാക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെയാണ് വിമർശനവുമായി കെജ്‌രിവാൾ രംഗത്തെത്തിയത്.
എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി രാജസ്ഥാനിലോ മദ്ധ്യപ്രദേശിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്തതെന്തെന്ന് കെജ്‌രിവാൾ ചോദിച്ചു. ഉത്തർപ്രദേശിൽ ബി.എസ്.പിക്കും സമാജ്‌വാദി പാർട്ടിക്കുമെതിരെയായിരുന്നു പ്രിയങ്ക പ്രചാരണം നടത്തിയത്. ഡൽഹിയിൽ ആം ആദ്മിക്കെതിരെയും. ബി.ജെ.പിയുമായി നേരിട്ട് മത്സരിക്കുന്ന പ്രദേശങ്ങളിലൊന്നും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിന് പോകുന്നില്ലെന്നും കെജ്‌രിവാൾ പറഞ്ഞു.