ആംസ്റ്റർഡാം: 12 ദിവസത്തെ യൂറോപ്യൻ പര്യടനത്തിനായി ഇന്നലെ രാവിലെ യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാത്രിയോടെ നെതർലാൻഡ്സിലെത്തി. പ്രളയ പ്രതിരോധം, ജലവിഭവ സമാഹരണം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ സംയോജിത പദ്ധതികളുടെ സാദ്ധ്യതകളെക്കുറിച്ച് ഡച്ച് സർക്കാരിന്റെ പ്രതിനിധികളുമായി മുഖ്യമന്ത്രി ചർച്ച നടത്തും.

10ന് നെതർലാൻഡ്സ് ജലവിഭവ അടിസ്ഥാനസൗകര്യ വികസന മന്ത്റി കോറ വാനുമായി മുഖ്യമന്ത്റി ചർച്ച നടത്തും.

നെതർലാൻഡ്സ് ദേശീയ ആർക്കൈവ്‌സിന്റെ ഡയറക്ടർ എം.എൽ. എയ്ഞ്ചൽ ഹാർഡ്, അഗ്രികൾച്ചറൽ സെക്രട്ടറി ജനറൽ ജാൻകീസ് ഗോത്ത് എന്നിവരുമായും കൂടിക്കാഴ്ചയുണ്ട്. പച്ചക്കറി, പുഷ്പ കൃഷി എന്നീ മേഖലകളിൽ സഹകരിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധരുമായി ആശയവിനിമയം നടത്തും. റോട്ടർഡാം തുറമുഖവും വാഗ് നിയൻ സർവകലാശാലയും സന്ദർശിക്കും.

നെതർലാൻഡ്സിലെ മലയാളി കൂട്ടായ്മയുമായും ആശയവിനിമയമുണ്ട്. യു.എൻ.ഡി.പി ക്രൈസിസ് ബ്യൂറോ ഡയറക്ടർ അസാകോ ഒകായുമായും ചർച്ച നടത്തും.

നെതർലാൻഡ്സിലെ ഐ.ടി മേഖല കൂട്ടായ്മയായ ടി.എൻ.ഒയുടെ പ്രതിനിധികളുമായും വ്യവസായ കോൺഫെഡറേഷന്റെ പ്രതിനിധികളുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.