spice-2000

ന്യൂഡൽഹി: ഇസ്രായേൽ നിർമ്മിത ആധുനിക സ്പൈസ് 2000 ബോംബുകൾ വാങ്ങാൻ ഇന്ത്യൻ വ്യോമസേന തയ്യാറെടുക്കുന്നു. ബാലക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് 2000 ബോംബുകളുടെ ആധുനിക പതിപ്പാണ് വ്യോമസേന പുതുതായി വാങ്ങുന്നത്. ശത്രുപാളയങ്ങളിലെ കെട്ടിടങ്ങളും ബങ്കറുകളും തകർക്കാൻ ഈ ബോംബുകൾക്ക് കഴിയും. ബാലകോട്ടെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ കേന്ദ്രങ്ങളിൽ ഉപയോഗിച്ചത് കെട്ടിടങ്ങളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്‌പൈസ് -2000 ബോംബുകളാണ്.

ശത്രുവിന്റെ ബങ്കറുകളും കെട്ടടങ്ങളും മുഴുവനായി തകർക്കാൻ കഴിയുന്നവയാണ് പുതിയ സ്‌പൈസ് 2000 ബോംബുകൾ. 60 കിലോമീറ്റർ വരെ സഞ്ചരിച്ച് ആക്രമണം നടത്താൻ സാധിക്കുന്ന ബോംബാണ് സ്‌പൈസ് 2000. അടിയന്തര ആവശ്യങ്ങൾക്കായി 300 കോടി രൂപ വരെ ഉപയോഗിച്ച് ആയുധങ്ങളോ ഉപകരണങ്ങളോ വാങ്ങാൻ സേനകൾക്ക് കേന്ദ്രം അധികാരം നൽകിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ബോംബുകൾ വാങ്ങുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളുടെ വിശദീകരണം.