postal-votes


തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ വോട്ട് അട്ടിമറിയിൽ സമഗ്രഅന്വേഷണത്തിന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറം മീണ നിർദ്ദേശം നൽകി. തട്ടിപ്പിൽ പൊലീസ് അസോസിയേഷന് പങ്കുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതായി ടിക്കാറാം മീണ വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങൾ അന്വേഷിക്കണമെന്ന് ഡി.ജി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്.

പോസ്റ്റൽ വോട്ട് തിരിമറിയിൽ ഡി.ജി.പിയുടെ റിപ്പോർട്ട് ടിക്കാറാം മീണ അംഗീകരിച്ചു. വിശദമായ അന്വേഷണം നടത്തി 15നകം റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. വിഷയത്തിൽ പൊലീസ് അസോസിയേഷന്റെ ഇടപെടൽ എത്രത്തോളമുണ്ടായിട്ടുണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വിശദമായ റിപ്പോർട്ട് മേയ് 15നകം നൽകാനാണ് നിർദ്ദേശം.

പോലീസ് അസോസിയേഷന്റെ പങ്കിന്റെ വിശദാംശങ്ങളാണ് ചീഫ് ഇലക്ടറൽ ഓഫീസർ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുൾപ്പെടെ നൽകിയിട്ടുള്ള പരാതികളിലും അന്വേഷണം നടത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് വിതരണം സംബന്ധിച്ച് ഡി.ജി.പി നൽകിയ സർക്കുലറിലെ നിർദ്ദേശം പാലിക്കുന്നതിൽ പൊലീസിന്റെ ജില്ലാ നോഡൽ ഓഫീസർമാർക്ക് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അന്വേഷിക്കും.

പോസ്റ്റൽ ബാലറ്റ് സംബന്ധിച്ച് പരാമർശം നടത്തിയ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുള്ള വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം സെക്ഷൻ 136 ഡി, എഫ്, ജി എന്നിവയും കേരള ഗവൺമെന്റ് സർവന്റ്‌സ് കോണ്ടക്ട് റൂൾസ് പ്രകാരവും നടപടിയെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോസ്റ്റൽ ബാലറ്റ് അയച്ചതുമായി ബന്ധപ്പെട്ട് അരുൺ മോഹൻ, രതീഷ്, രാജേഷ്‌കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരെയും അന്വേഷണം നടത്തും.