കൊച്ചി: ചൂർണിക്കര വ്യാജരേഖ കേസിൽ ഇടനിലക്കാരൻ അബുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. അബുവിന്റെ ആലുവയിലെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്ന് റവന്യു രേഖകൾ അടക്കമുള്ളവ പിടിച്ചെടുത്തു. അതേസമയം, ഒളിവിൽ കഴിയുന്ന അബുവിനായുളള തെരച്ചിൽ പൊലീസ് ഊർജിതമാക്കി
ഭൂവുടമ ഹംസ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആലുവ സ്വദേശി അബുവിനായുളള അന്വേഷണം പൊലീസ് ആരംഭിച്ചത്. വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഇടനിലക്കാരനായി പ്രവർത്തിക്കുന്നയാളാണ് അബുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. സ്ഥലം തരം മാറ്റി നൽകിയതിന് അബു ഹംസയുടെ കയ്യിൽ നിന്ന് പണവും കൈപ്പറ്റിയിരുന്നു.
ആലുവയിലെ അബുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ റവന്യു രേഖകൾ ഉൾപ്പെടെയുളളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഉദ്യോഗസ്ഥതലം മുതൽ താഴെത്തട്ടിലെ ഇടനിലക്കാർ വരെയുളളവർ വ്യാജരേഖയുണ്ടാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചു എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിൽകഴിയുന്ന അബുവിനെ കണ്ടെത്തിയാൽ മാത്രമേ വ്യാജരേഖ ചമച്ചതിന് പിന്നിലെ കണ്ണികൾ ആരെല്ലാമാണെന്നതിന് കൂടുതൽ വ്യക്തത വരികയുളളൂ.