കിഴക്കേകോട്ട ബസ് സ്റ്റാന്റിൽ ഒരു വശത്ത് സിറ്റി ഫാസ്റ്റായി ഓടുന്ന കെ.എസ്.ആർ.ടി.സി ബസുകൾ തൊട്ടപ്പുറത്ത് ഓർഡിനറിയായി ഓടുന്ന സ്വകാര്യ ബസുകളും
തിരുവനന്തപുരം: ചെറുകിട പച്ചക്കറി കച്ചവടക്കാരിയായ രാജമ്മ എന്നും രാവിലെ വിഴിഞ്ഞത്തെ ആഴാകുളത്തു നിന്നും കിഴക്കേകോട്ട സിറ്റി ബസിൽ വന്നാണ് ചാലയിൽ നിന്നു പച്ചക്കറി വാങ്ങി തിരിച്ചു പോകുന്നത്. ഇത് വിറ്റ് കിട്ടുന്ന തുച്ഛമായ തുകകൊണ്ട് വേണം ജീവിതം തള്ളി നീക്കാൻ. അങ്ങോട്ടുമിങ്ങോട്ടുമായി യാത്രാച്ചെലവ് ഇനത്തിൽ 26 രൂപയാകും. എന്നാൽ കുറച്ചുനാളായി രാജമ്മയുടെ കൈയിൽ നിന്നു 36 രൂപയാണ് കണ്ടക്ടർ വാങ്ങുന്നത്. ദിവസം പത്തു രൂപ കൂടുതൽ ചെലവാക്കുന്നതിന്റെ ദേഷ്യത്തിൽ കണ്ടക്ടറോട് തട്ടിക്കയറാറുണ്ട് രാജമ്മ. അപ്പോൾ കണ്ടക്ടർ പറയും ഇത് ഫാസ്റ്റാണെന്ന്. അപ്പോൾ ഇതുവരെ വന്നു കൊണ്ടിരുന്ന ചുവന്ന വണ്ടിയെവിടെ എന്നു ചോദിച്ചാൽ കണ്ടക്ടർ കൈമലർത്തും. സിറ്റി ഫാസ്റ്റാണെന്നൊക്കെ പറയുമെങ്കിലും വലിയമാറ്റമൊന്നുമില്ല. ബസിന് ഒരേ വേഗത. ഒരേ സ്റ്റോപ്പുകൾ. ടിക്കറ്റ് നിരക്കിലും ബസിന്റെ കളറിലും മാത്രമാണ് മാറ്റം.
ആഴാകുളത്തു നിന്ന് ഒരു വശത്തേക്കുള്ള യാത്രാക്കൂലി ഓർഡിനറിക്ക് 13 രൂപയായിരുന്നു. ചാർജ് വർദ്ധിപ്പിച്ചപ്പോൾ അത് 15 ആയി. പിന്നെ സെസിന്റെ ഒരു രൂപ കൂടി യാത്രക്കാരൻ നൽകണം, അങ്ങനെ 16 രൂപ. ഈ പതിനാറു രൂപ ടിക്കറ്റുള്ള ഓർഡിനറി ഇപ്പോൾ അതു വഴി കാണാറേ ഇല്ലത്രേ. എല്ലാം സിറ്റി ഫാസ്റ്റായി. വിഴിഞ്ഞം ഡിപ്പോയിൽ നിന്നു വരുന്ന ഓർഡിനറിയിലാണെങ്കിൽ എപ്പോഴും തിരക്കാണ്.
ഇത് ആഴാകുളത്തുകാരുടെ മാത്രം പ്രശ്നമല്ല, കെ.എസ്.ആർ.ടി.സി എല്ലാ റൂട്ടിലേക്കുമുള്ള ഓർഡിനറി ബസുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്. കിഴക്കേകോട്ട നിന്നു കരുമം തിരുവല്ലം വഴിയും തിരിച്ചുമുള്ള സർക്കുലർ സർവീസ് എല്ലാം ഓർഡിനറിയായിരുന്നു. ഇപ്പോൾ സർക്കുലർ സർവീസിലേറെയും ഓടുന്നത് സിറ്റി ഫാസ്റ്റാണ്. ആരാധനാലയങ്ങളിലേക്കുള്ള ഡെയിലി സർവീസുകൾ നേരത്തേ തന്നെ സിറ്റി ഫാസ്റ്റാക്കി. ആറ്റുകാലിലേക്കും, വെട്ടുകാട് പള്ളിയിലേക്കും, കരിക്കകം ക്ഷേത്രത്തിലേക്കും നടത്തുന്ന സർവീസുകൾ സിറ്റി ഫാസ്റ്റാണിപ്പോൾ. അതേസമയം നഗരത്തിലെ സ്വകാര്യ ബസുകളെല്ലാം ഓർഡിനറിയാണ്.
ഇനി ഫാസ്റ്റ് ബസിന്റെ നിരക്ക് വാങ്ങുന്ന ഓർഡിനറി സർവീസ് കൂടിയുണ്ട്, ലോ ഫ്ളോർ നോൺ എ.സി ബസ്. നഗരത്തിന്റെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനായിട്ടാണ് ആദ്യം ലോഫ്ലോർ ബസുകൾ നിരത്തിലിറക്കിയത്. ഇപ്പോൾ, നഗരത്തിനു പുറത്താണ് ഏറെയും ഓടുന്നത്. അതും പ്രത്യേക നിരക്കിൽ.
കെ.എസ്.ആർ.ടി.സിയുടെ വരുമാനം കൂട്ടിക്കാണിക്കാനുള്ള ചില ഉന്നത ഉദ്യോഗസ്ഥരുടെ തരികിട പരിപാടിയാണിത്. ആദ്യം പത്ത് ശതമാനം ഓർഡിനറി പിൻവലിച്ചിട്ട് അത്രത്തോളം സിറ്റി ഫാസ്റ്റിറക്കും. വരുമാനം കുറച്ചു കൂടും. പിന്നെയും കുറച്ച് ഓർഡിനറി ബസുകൾ ഫാസ്റ്റാക്കും. ഇങ്ങനെ കുറച്ചു കുറച്ച് ഇപ്പോൾ നഗരത്തിൽ ഓർഡിനറി ബസുകളെ കാണാനില്ലെന്നായി. ആകെ ബസുകളിൽ 10 ശതമാനം മാത്രമാണ് സിറ്റി ഓർഡിനറി ബസുകളായി ഓടുന്നത്.
വിദ്യാർത്ഥികളെന്തു ചെയ്യും?
കൺസെഷൻ ടിക്കറ്റുമായി ബസ് സ്റ്റോപ്പിൽ നിൽക്കുന്ന വിദ്യാർത്ഥിയുടെ മുന്നിൽ സിറ്റി ഫാസ്റ്റ് ബസ് വന്നു നിന്നാൽ എന്തു ചെയ്യും? ഒന്നുകിൽ ടിക്കറ്റെടുത്ത് ആ ബസിൽ യാത്ര ചെയ്യണം. അല്ലെങ്കിൽ വരുമെന്നുറപ്പില്ലാത്ത ഓർഡിനറിക്കായി കാത്തു നിൽക്കണം. ഇങ്ങനെയാണ് പോക്ക് എങ്കിൽ സ്കൂൾ തുറക്കുമ്പോൾ വിദ്യാർത്ഥികൾ വലയുമെന്നുറപ്പ്.
യാത്രക്കാരെല്ലാം സായിപ്പന്മാരല്ല
കിഴക്കേകോട്ടയിൽ നിന്നു കോവളം ബസിൽ കയറുന്നവരെല്ലാം സായിപ്പന്മാരാണെന്നാണ് കെ.എസ്.ആർ.ടി.സിയുടെ മനോഭാവം. മിക്ക സർവീസുകളും ലോ ഫ്ലോർ എ.സി ബസുകളാണ്. 40 രൂപയാണ് ടിക്കറ്റ്. ഓർഡിനറിയാണെങ്കിൽ 15 രൂപ നൽകിയാൽ മതിയായിരുന്നു. ഓർഡിനറി സർവീസ് പൂർണമായും നിറുത്തലാക്കിയ ആദ്യ റൂട്ട് കിഴക്കേകോട്ട- കോവളം ആണ്. എ.സി കൂടാതെ അഞ്ച് സിറ്റി ഫാസ്റ്റും ഇവിടെ സർവീസ് നടത്തുന്നുണ്ട്. കോവളം ബീച്ചിൽ പോകുന്നവർ മാതല്ല, കോവളം ബസിൽ കയറുന്നത്. പാച്ചല്ലൂർ, വാഴമുട്ടം, വെള്ളാർ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരുടെ ആശ്രയവും ഈ ബസാണ്.