മലപ്പുറം: ഹൃദയ സംബന്ധമായ അസുഖമുള്ള ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ട് പെരിന്തൽമണ്ണയിൽ നിന്ന് എറണാകുളം ലിസി ആശുപത്രിയിലേക്ക് ആംബുലൻസ് പുറപ്പെട്ടു. മലപ്പുറം വഴിക്കടവ് സ്വദേശികളായ ഷാജഹാൻ ജംഷീല ദമ്പതികളുടെ പെൺകുഞ്ഞിനേയും കൊണ്ടാണ് വാഹനം പുറപ്പെട്ടത്. രാത്രി 11 മണിയോടെയാണ് സർക്കാരിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള ആംബുലസ് പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിൽ നിന്നും ലിസി ആശുപത്രിയിലേക്ക് പുറപ്പെട്ടത്.
പ്രസവശേഷം കുഞ്ഞിന് ഹൃദയവാൽവ് സംബന്ധമായ പ്രശ്നങ്ങൾ നേരിടുകയായിരുന്നു. തുടന്ന് മലപ്പുറം ജില്ലയിലെ എടക്കരയിൽ നിന്ന് പെരിന്തൽമണ്ണയിലെ കിംസ് അൽഷിഫ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ടെസ്റ്റുകൾ നടത്തിയതിന് ശേഷം ഡോക്ടമാർ അമൃത ഹോസ്‌പ്പിറ്റലിലോ ശ്രീചിത്രയിലേക്കോ കൊണ്ട് പോവാൻ ഡോക്ടമാർ നിർദേശിക്കുകയായിരുന്നു.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് കുഞ്ഞിന്റെ അമ്മയുടെ സഹോദരൻ ജിയാസ് മടശേരി ആരോഗ്യ മന്ത്രി കെ.കെ. ശെെലജയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റിൽ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ മന്ത്രി ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി കുഞ്ഞിന്റെ ചികിത്സ സൗജന്യമാക്കുകയും എറണാകുളത്തെ ലിസി ആശുപത്രിയിൽ എത്തിക്കാനായി ആംബുലൻസ് അയക്കുകയും ചെയ്തു. ലിസി ആശുപത്രിയിൽ കുഞ്ഞിന് വേണ്ട ചികിത്സ നൽകാനുള്ള എല്ലാ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.