തിരുവനന്തപുരം : കാൻസർ എന്ന മഹാരോഗത്തിൽ നിന്ന് അതിജീവനത്തിന്റ ഉയിർപ്പ് തേടുന്ന രോഗികളെ പ്രതീക്ഷയുടെ നാളേക്കായി കൈപിടിച്ച് ഉയർത്തി മാതൃകയാകുകയാണ് തലസ്ഥാനത്തെ സന്നദ്ധ സംഘടനയായ കെയർപ്ലസ്. 2003ൽ ആരംഭിച്ച കെയർപ്ലസ് റീജിയണൽ കാൻസർ സെന്ററുമായി ചേർന്ന് തിരുവനന്തപുരത്തെ നിർദ്ധനരായ രോഗികളെയാണ് സഹായിച്ചു വരുന്നത്.
കാൻസർ രോഗികളെ നേരിട്ട് അവരുടെ വീടുകളിൽ ചെന്ന് പരിചരിക്കുകയാണ് കെയർപ്ലസ് ചെയ്യുന്നത്. രണ്ട് മെഡിക്കൽ ടീമുകൾ അടങ്ങുന്ന കെയർപ്ലസിൽ രണ്ട് ഡോക്ടർമാർ, നഴ്സിംഗ് സ്റ്റാഫുകൾ, രണ്ട് ഡ്രൈവർമാർ, രണ്ട് വാനുകൾ എന്നിവ ഉൾപ്പെടും. ആഴ്ചയിൽ ആറു ദിവസവും രോഗികളുടെ വീടുകൾ സന്ദർശിച്ച് അവർക്കാവശ്യമായ പരിചരണം നൽകുന്ന ഈ സ്ഥാപനം ഇതിനകം 1800 ഓളം രോഗികളെ വർഷം തോറും പരിചരിച്ചു പോരുന്നു.
രോഗികളെയും അവരുടെ കുടുംബാംഗങ്ങളെയും ഒന്നിച്ചുകൂട്ടി ഓണവും ക്രിസ്മസും ആഘോഷിക്കുന്നു. ഒപ്പം ഓരോ കുടുംബത്തിനും അരിയും പലവ്യഞ്ജനങ്ങളും അടങ്ങുന്ന കിറ്റും കെയർപ്ലസ് നൽകുന്നു. കാൻസർ രോഗബാധിതരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസചെലവ് കെയർപ്ലസ് വഹിക്കുന്നു. ഇന്ന് 161 ഓളം കുട്ടികളുടെ വിദ്യാഭ്യാസചെലവ് ഈ സ്ഥാപനം നോക്കി നടത്തുന്നുണ്ട്.
വർഷാരംഭത്തിന് മുന്നേ കുടുംബ സമേതം ഒത്തു കൂടാനുള്ള അവസരവും അവർ ഒരുക്കുന്നുണ്ട്. ഒത്തുചേരലിൽ കുട്ടികൾക്കാവശ്യമായ ബാഗ്, ബുക്ക്, യൂണിഫോം, ചെരുപ്പ് തുടങ്ങിയവ നൽകുന്നു. ഈ ആഘോഷദിനത്തിനെ കെയർപ്ലസ് ' സ്നേഹസ്പർശം' എന്ന് പേര് നൽകിയിരിക്കുന്നു.
ഏറെ കരുതലോടും സ്നേഹത്തോടെയുമാണ് രോഗികളെ പരിപാലിക്കുന്നതെന്ന് സെക്രട്ടറി ശോഭാ ജോർജും പ്രസിഡന്റ് ഗീതാ അശോകനും പറയുന്നു. നിലവിൽ ഇപ്പോൾ കെയർപ്ലസിന് താങ്ങായി നിൽക്കുന്നത് സുഹൃത് വലയവും ഒപ്പം പ്രവാസി മലയാളികളുടെ ചെറിയ കൂട്ടായ്മയും യുവജനങ്ങളുമാണ്.