തിരുവനന്തപുരം: ശിലയിൽ കൊത്തിയെടുത്ത ശില്പം പോലെ നവശോഭയോടെ ശിരസുയർത്തി നിൽക്കുകയാണ് നൂറ്റാണ്ടിന്റെ ആദ്ധ്യാത്മിക ചരിത്രം പേറുന്ന നെട്ടയം ശ്രീരാമകൃഷ്ണാശ്രമ ക്ഷേത്രം. പുതുക്കിപ്പണിത ക്ഷേത്രത്തിന്റെ പുനഃപ്രതിഷ്ഠാകർമം ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ ശ്രീരാമകൃഷ്ണ മഠം വൈസ് പ്രസിഡന്റ് സ്വാമി ഗൗതമാനന്ദ നിർവഹിച്ചതോടെ ഭക്തരുടെ മോക്ഷകവാടമായി മാറിയിരിക്കുകയാണ് ഈ ആശ്രമം.
1892 ൽ സന്ദർശനത്തിനെത്തിയ വിവേകാനന്ദ സ്വാമികൾ 'ഭ്രാന്താലയ" മായിരുന്ന കേരളത്തിലെ ദുരവസ്ഥ കണ്ടറിഞ്ഞാണ് മതസൗഹാർദ്ദത്തിന്റെയും സേവനത്തിന്റെയും വഴികാട്ടിയായ ശ്രീരാമകൃഷ്ണാശ്രമം കേരളത്തിൽ സ്ഥാപിക്കാൻ നിർദേശിച്ചത്. അതനുസരിച്ച് എത്തിയ സന്യാസിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച ആശ്രമങ്ങളിൽ പ്രധാനപ്പെട്ടതാണ് നെട്ടയം കുന്നിൽ മുകളിലെ ശ്രീരാമകൃഷ്ണാശ്രമ ക്ഷേത്രം.
റിട്ടയേഡ് ടെലിഗ്രാം മാസ്റ്റർ അരുണാചലംപിള്ള ആശ്രമത്തിനായി സൗജന്യമായി നൽകിയ ഏഴ് ഏക്കർ സ്ഥലത്ത് 1916ലാണ് ഈ ക്ഷേത്രത്തിന് ശ്രീരാമകൃഷ്ണ മിഷന്റെ പ്രഥമ അദ്ധ്യക്ഷൻ സ്വാമി ബ്രഹ്മാനന്ദ തറക്കല്ലിട്ടത്. എട്ടു വർഷങ്ങൾക്ക് ശേഷം 1924-ലായിരുന്നു സ്വാമി നിർമലാനന്ദ പ്രതിഷ്ഠാകർമം നടത്തിയത്.
സാമൂഹ്യ പരിവർത്തനങ്ങളിലൂടെ കേരളത്തിലെ ചരിത്രത്തിൽ ഇടം നേടിയ നെട്ടയം കുന്നിൻമുകളിലെ ആശ്രമ ക്ഷേത്രം കാലപ്പഴക്കം കൊണ്ട് ജീർണാവസ്ഥയിലായതിനാലാണ് പുനഃപ്രതിഷ്ഠ പൂർത്തിയാക്കിയത്. ഏതാണ്ട് ഒന്നരക്കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണം നടത്തിയത്. ഗംഗാതീരത്തെ ദക്ഷിണേശ്വരത്തെ ശ്രീരാമകൃഷ്ണദേവൻ ആരാധിച്ചിരുന്ന കാളീക്ഷേത്രത്തിന്റെ ഒരു ഭാഗത്തിന്റെ മാതൃകയിലാണ് പുനർനിർമാണം.
പ്രധാന കവാടം കടന്നെത്തുന്നതിന് ഇടതുഭാഗത്തായി താമരപീഠത്തിലാണ് ശ്രീരാമകൃഷ്ണദേവ പ്രതിഷ്ഠ. ഇതിന് അഭിമുഖമായി ശാരദാദേവിയുടെയും പതിനാറ് സന്യാസി ശിഷ്യന്മാരെയും പ്രതിനിദാനം ചെയ്യുന്ന രീതിയിൽ രാമകൃഷ്ണമഠത്തിന്റെ വംശവൃക്ഷവും ആലേഖനം ചെയ്തിട്ടുണ്ട്. ഉള്ളിൽ വലിയൊരു നടുമുറ്റവും ഒരുക്കിയിട്ടുണ്ട്. ഇവിടെയാണ് പ്രത്യേക സമ്മേളനങ്ങൾ നടക്കുക. ഇതിന് ഇടതുവശത്തായി ദ്വാദശ ശിവക്ഷേത്ര സങ്കല്പത്തിലും വലതുവശത്ത് കാളിക്ഷേത്രവും ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്ന സങ്കല്പത്തിലും രണ്ടുവീതം മുറികളുണ്ട്. ദിവസവും രാവിലെ അഞ്ചു മണിക്ക് മംഗളാരതിയോടെ ആരംഭിക്കുന്ന പ്രാർത്ഥനാകർമങ്ങൾ ഉച്ചയ്ക്ക് 12ന് അവസാനിക്കും. വൈകിട്ട് നാലിന് വീണ്ടും ആരംഭിക്കുന്ന പ്രാർത്ഥന രാത്രി എട്ട് വരെ നീളും. ഗുരുപൂർണിമ, ശ്രീരാമകൃഷ്ണജയന്തി, ശാരദാജയന്തി, വിവേകാനന്ദജയന്തി, നവരാത്രി എന്നീ ദിവസങ്ങളിൽ പ്രത്യേക പൂജയുണ്ടാകും.
എല്ലാവർക്കും ആദ്ധ്യാത്മിക, ആരോഗ്യ വിദ്യാഭ്യാസം നൽകണമെന്ന സ്വാമി വിവേകാനന്ദന്റെ ആഹ്വാനം ഉൾക്കൊണ്ട് ആദ്ധ്യാത്മിക കാര്യങ്ങൾക്ക് എന്നപോലെ ആരോഗ്യസേവാ പ്രവർത്തനങ്ങളിലും മഠം നിരവധി പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. പിന്നാക്ക മേഖലകളിൽ ആറ് ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സൗകര്യവും മഠം നൽകുന്നു. കേരളത്തിൽ തിരുവനന്തപുരം, കായംകുളം, തിരുവല്ല, പാലാ, എറണാകുളം, കാലടി, ഹരിപ്പാട്, തൃശൂർ, കോഴിക്കോട്, കൊയിലാണ്ടി എന്നിങ്ങനെ പത്ത് ആശ്രമങ്ങളാണ് ശ്രീരാമകൃഷ്ണ മഠത്തിനുള്ളത്. നെട്ടയത്തെ ആശ്രമത്തിന്റെ ഇപ്പോഴത്തെ അദ്ധ്യക്ഷൻ സ്വാമി മോക്ഷവ്രതാനന്ദയാണ്.