തിരുവനന്തപുരം: എസ്.എസ്.എൽ.സിക്ക് പിന്നാലെ ഹയർസെക്കൻഡറി പരീക്ഷയിലും മികച്ച പ്രകടനം കാഴ്ചവച്ച് നഗരത്തിലെ സ്കൂളുകൾ. 1200 മാർക്കും കരസ്ഥമാക്കിയ ജില്ലയിലെ പതിനഞ്ച് വിദ്യാർത്ഥികളിൽ അഞ്ച് പേരും നഗരത്തിൽ നിന്നുള്ളവരായത് തലസ്ഥാന ജില്ലയ്ക്ക് മികവായി. ഒപ്പം നൂറ് ശതമാനം വിജയവും നേടി നാലാഞ്ചിറ സർവോദയ വിദ്യാലയം, വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ്, മുക്കോലയ്ക്കൽ സെന്റ് തോമസ് എച്ച്.എസ്.എസ് എന്നീ സ്കൂളുകൾ നേട്ടത്തിന് മാറ്റ് കൂട്ടി.
നൂറിൽ മിന്നി കാർമൽഎസ്.എസ്.എൽ.സി പരീക്ഷയ്ക്ക് പിന്നാലെ നൂറ് ശതമാനം വിജയം നേടി വഴുതക്കാട് കാർമൽ ഗേൾസ് എച്ച്.എസ്.എസ്. 285 കുട്ടികളാണ് പരീക്ഷ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതിൽ 91 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടാനായി. ഒപ്പം 1200 മാർക്കും നേടിയ നഗരത്തിലെ അഞ്ച് പേരിൽ മൂന്ന് പേർ കാർമലിലെ കുട്ടികളാണ്. മാതംഗി, സെബ, നർജസ് മീരാൻ എന്നിവരാണ് ആ മിടുമിടുക്കികൾ.
പട്ടം സെന്റ് മേരീസിനും ഗേൾസിനും അഭിമാന വിജയംസംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയെഴുതിച്ച പട്ടം സെന്റ് മേരീസിന്റെ വിജയശതമാനം 94.91 ശതമാനമാണ്. പരീക്ഷയെഴുതിയ 845 വിദ്യാർത്ഥികളിൽ 802 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 74 പേർ എല്ലാ വിഷയത്തിനും എ പ്ലസും കരസ്ഥമാക്കി. സാന്ദ്ര ജെ. ചന്ദ്രൻ (കമ്പ്യൂട്ടർ സയൻസ്), ജെ.എസ്. ശ്രീജ (ഹുമാനിറ്റീസ്) എന്നിവർ 1200 ൽ 1200 മാർക്ക് നേടി സ്കൂളിന്റെ വിജയത്തിന് ഇരട്ടി മധുരം പകർന്നു. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞ സ്കൂൾ എന്ന നിലയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും ആഘോഷത്തിലാണ്. തിളക്കമാർന്ന വിജയം കൂട്ടായ്മയുടെ നേട്ടമാണെന്ന് പ്രിൻസിപ്പൽ ഫാദർ സി.സി. ജോൺ പറഞ്ഞു. വിജയത്തിന്റെ മാധുര്യം പങ്കുവയ്ക്കാൻ സ്കൂളിൽ എത്തിയ കുട്ടികളെ പ്രിൻസിപ്പൽ അനുമോദിച്ചു. അദ്ധ്യാപകർ വിജയികളെ മധുരം നൽകി വരവേറ്റു. കുട്ടികൾക്ക് മികച്ച പരിശീലനമാണ് നൽകിയിരുന്നതെന്ന് അദ്ധ്യാപകർ പറഞ്ഞു. എയ്ഡഡ് വിദ്യാലയങ്ങളിൽ ഏറ്റവും ഉയർന്ന വിജയശതമാനം കരസ്ഥമാക്കിയ സ്കൂൾ എന്ന നേട്ടവും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്ക് സജ്ജരാക്കിയ വിദ്യാലയവും പട്ടം സെന്റ് മേരീസാണ്.
പട്ടം ഗേൾസ് എച്ച്.എസ്.എസിലും ഇത്തവണത്തെ നേട്ടം നൂറുമേനിയാണ്. 406 കുട്ടികൾ പരീക്ഷ എഴുതിയതിൽ 370 പേർ ഉപരിപഠനത്തിന് അർഹരായി. ഇതിൽ 23 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ജഗതി ബധിര മൂക വിദ്യാലയത്തിന് നൂറുമേനിജഗതി ബധിര വിദ്യാലയത്തിന് ഹയർസെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം. ഹയർസെക്കൻഡറി പരീക്ഷ എഴുതിയ ഏഴ് പേരും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. മുൻ വർഷത്തെക്കാൾ മികച്ച മാർക്കോടെയാണ് എല്ലാവരും ജയിച്ചിരിക്കുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറിയിലും മികച്ച വിജയമാണ് സ്കൂൾ സ്വന്തമാക്കിയത്. 100 ശതമാനം വിജയമാണ് വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ സ്കൂൾ നേടിയത്. കഴിഞ്ഞ വർഷവും 100 ശതമാനം വിജയം സ്കൂൾ സ്വന്തമാക്കിയിരുന്നു.