മഹാകവി കുമാരനാശാന്റെ ജീവിതം സിനിമയാകുന്നു. പ്രശസ്ത സംവിധായകൻ കെ. പി. കുമാരനാണ് 'കാലം പിന്നെയും കഴിഞ്ഞു " എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത്. സംഗീത സംവിധായകനും ഗായകനുമായ ശ്രീവൽസൻ ജെ. മേനോനാണ് കുമാരനാശാനായി എത്തുന്നത്. സിനിമയുടെ മൂന്നാം ഷെഡ്യൂൾ 17ന് തിരുവനന്തപുരത്ത് ആരംഭിക്കും. ഫാർസൈറ്റ് മീഡിയയുടെ ബാനറിൽ കെ.പി. കുമാരൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ആശാനായി ഒരാളെ പരിഗണിക്കുമ്പോൾ രൂപത്തിനൊപ്പം നന്നായി കവിത ആലപിക്കുന്ന ഒരാൾ വേണമെന്ന് നിർബന്ധമുണ്ടായിരുന്നുവെന്നും അതു കൊണ്ടാണ് ശ്രീവൽസൻ ജെ. മേനോനെ ആ റോളിലേക്ക് തിരഞ്ഞെടുത്തതെന്നും കെ.പി. കുമാരൻ സിറ്റി കൗമുദിയോട് പറഞ്ഞു.
ശ്രീവൽസൻ ജെ. മേനോൻ തന്നെയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നതും. ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ, ഷാജി എൻ. കരുണിന്റെ സ്വപാനം തുടങ്ങിയ ചിത്രങ്ങൾക്ക് ശ്രീവൽസൻ ജെ. മേനോൻ സംഗീതം നൽകിയിട്ടുണ്ട്. കുമാരനാശാന്റെ അവസാനത്തെ ആറ് വർഷമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നതെന്ന് കെ.പി. കുമാരൻ പറഞ്ഞു.
''അതായത് ആശാന്റെ വിവാഹ ജീവിതം മുതൽ ബോട്ട് അപകടം വരെ.ഈ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ജീവിതം സംഘർഷഭരിതമായിരുന്നു.ആശാന് നിരവധി ശത്രുക്കളുണ്ടായിരുന്നു-സമുദായത്തിനുള്ളിൽ നിന്നും സാഹിത്യ രംഗത്ത് നിന്നും.അതാണ് എന്റെ സിനിമ പറയുന്നത്.ഫ്ളാഷ് ബാക്കിലൂടെ ആശാന്റെ ചെറുപ്പകാലവും ചിത്രത്തിൽ കാണിക്കുന്നുണ്ട് "". സ്കൂൾ ഒഫ് ഡ്രാമയിൽ നിന്നുള്ള ഗാർഗിയാണ് നായിക. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ ആലപ്പുഴ ജില്ലയിലെ പെരുമ്പളം ദ്വീപിലായിരുന്നു.
രണ്ടാം ഷെഡ്യൂൾ ആലുവയിലെ പെരിയാറിന്റെ തീരത്തും.മൂന്നാം ഷെഡ്യൂൾ അരുവിപ്പുറത്തും നെയ്യാറിലുമായി നടക്കും.കെ.ജി ജയനാണ് കാമറ.കലാസംവിധാനം സന്തോഷ് രാമൻ .ബി.അജിത് കുമാറാണ് എഡിറ്റിംഗ്. മേക്കപ്പ് : പട്ടണം റഷീദ്, പ്രൊഡക്ഷൻ കൺട്രോളർ: നെബു ജി.എസ്., അതിഥി, തോറ്റം, രുക്മിണി എന്നിവാണ് കെ.പി. കുമാരന്റെ ശ്രദ്ധേയ ചിത്രങ്ങൾ.മോഹൻലാൽ നായകനായ ആകാശഗോപുരമാണ് ഒടുവിൽ സംവിധാനം ചെയ്തത്.