നവാഗതനായ സിദ്ദീഖ് ചേന്ദമംഗല്ലൂർ സംവിധാനം ചെയ്യുന്ന കുഞ്ഞിരാമന്റെ കുപ്പായം റിലീസിനൊരുങ്ങുന്നു .
തലൈവാസൽ വിജയ്, മേജർ രവി, ശ്രീരാമൻ, സജിതാ മഠത്തിൽ, ലിന്റാ കുമാർ, ഗിരിധർ എന്നിവരാണ് പ്രധാന താരങ്ങൾ. ആരാം എന്റർടെയ്ൻമെന്റിന്റെയും സെഞ്ച്വറി വിഷ്വൽ മീഡിയയുടേയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. പ്രണയിച്ച് മതം മാറുന്ന യുവാവിന്റെ കഥായാണ് ചിത്രം പറയുന്നത്.
മതം മാറ്റം പ്രമേയമായതുകൊണ്ടു തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശ പ്രകാരം ചിത്രത്തിന്റെ റിലീസ് മാറ്റി വയ്ക്കുകയായിരുന്നു .ആറ് ക്ലൈമാക്സ് എന്ന പ്രത്യേകതയിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നതെന്ന് സംവിധായകൻ സിദ്ദീഖ് ചേന്ദമംഗല്ലൂർ സിറ്റി കൗമുദിയോട് പറഞ്ഞു. ഈ മാസം 24 ന് ചിത്രം തിയേറ്ററുകളിൽ എത്തും. പി.കെ. ഗോപിയുടെ വരികൾക്ക് മഖ്ബൂൽ മൻസൂറും സിതാര കൃഷ്ണകുമാറും ഗാനങ്ങൾ ആലപിച്ചിരിക്കുന്നു.