മുംബയ്: പൂനെയിൽ വസ്ത്രവ്യാപാര ഗോഡൗണിൽ വൻ തീപിടുത്തത്തിൽ അഞ്ചുപേർ മരിച്ചു. ഗോഡൗണിലെ തൊഴിലാളികളാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കായിരുന്നു സംഭവം.
പൂനെയിലെ ഉർലി ദേവച്ചി എന്ന പ്രദേശത്തെ വസ്ത്രവ്യാപാര ഗോഡൗണിലാണ് തീപിടിച്ചത്. ഗോഡൗണിനുള്ളിൽ ഉറങ്ങുകയായിരുന്ന അഞ്ച് തൊഴിലാളികളാണ് മരിച്ചത്. അതിവേഗത്തിൽ തീപടർന്നതിനെ തുടർന്ന് തൊഴിലാളികൾക്ക് പുറത്തേക്ക് പോകാൻ സാധിക്കാത്തതാണ് മരണത്തിനിടയാക്കിയത്.
സംഭവത്തെ തുടർന്ന് അഗ്നിശമനസേനയുടെ നാല് സംഘങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം, തീ പടരാനുള്ള കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.