narendra-modi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഡൽഹിയിലെ രാംലീല മെെതാനത്ത് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.

രാജീവ് ഗാന്ധി രാജ്യ സുരക്ഷയിൽ വീഴ്ച വരുത്തിയെന്നും, ഇന്ത്യൻ പ്രതിരോധ സേനകൾ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും മോദി കൂട്ടിച്ചേർത്തു. രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥർ ദ്വീപിൽ സേവനം ചെയ്യുകയായിരുന്നു. "സമുദ്രാതിർത്തികൾ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എൻ.എസ്​ വിരാട്​. ഈ കപ്പലാണ്​ രാജീവ്​ ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാൻ ദ്വീപ്​ യാത്രക്കായി ഉപയോഗിച്ചത്​. അദ്ദേഹത്തിൻെറ ഭാര്യയുടെ ബന്ധുക്കൾ പോലും കപ്പലിൽ യാത്രക്കുണ്ടായിരുന്നു"-മോദി പറഞ്ഞു.

ഐ.എൻ.എസ്​ വിരാട്​ 10 ദിവസമാണ്​ ദ്വീപിൽ കാത്തു കിടന്നത്​. സമുദ്ര അതിർത്തികളുടെ സംരക്ഷണത്തിനായി ഐ.എൻ.എസ് വിരാട് ഉപയോഗിക്കുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധിയുടെ യാത്രയ്ക്കായി കപ്പൽ നിയോഗിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കൾ ഈ സമയത്തു കപ്പലിൽ കയറി. ഇതു ദേശീയ സുരക്ഷയിലെ വിട്ടുവീഴ്ചയല്ലേ?– പ്രധാനമന്ത്രി ചോദിച്ചു. സ്​തുതിപാഠകർ വിശുദ്ധനെന്ന്​ വിശേഷിപ്പിക്കുമ്പോഴും അഴിമതിക്കാരിൽ നമ്പർ വൺ ആയാണ്​ രാജീവ്​ ഗാന്ധി മരിച്ചതെന്ന്​ നേരത്തെ മോദി വിമർശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശനം നടത്തിയിരുന്നു.