isis

കൊച്ചി : ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി കൂടുതൽപ്പേർ കേരളത്തിൽ നിന്നും സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും കടന്നതിന് ശേഷമാണ് അന്വേഷണ ഏജൻസികൾക്ക് വ്യക്തമായ വിവരങ്ങൾ ലഭിച്ചിരുന്നത്. സിറിയയിലും, ഇറാഖിലുമടക്കം ഐസിസ് ദുർബലമായതോടെ അഫ്ഗാനിസ്ഥാനിലടക്കം ഇന്ത്യയുടെ അയൽ രാജ്യങ്ങളിലും ഐസിസ് സാന്നിദ്ധ്യം ശക്തമാവുന്നത് ഇന്ത്യയ്ക്കും ഭീഷണിയായിരിക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഐസിസിലേക്ക് ചേരുവാനായി തീവ്ര ആശയങ്ങളിൽ പ്രചോദിതരായവർ രാജ്യം വിട്ട് പോയിട്ടുണ്ടെങ്കിലും കൂട്ടമായി നാടുവിട്ട സംഭവങ്ങൾ കേരളത്തിൽ നിന്നുമായിരുന്നുവെന്നത് ആശങ്ക ഉയർത്തുന്നുണ്ട്. ഐസിസിൽ ചേരാനായി കേരളത്തിൽ നിന്നും ശ്രീലങ്ക വഴി അഫ്ഗാനിസ്ഥാനിലെത്തിയ സംഘത്തിൽ പലരും അമേരിക്കയുടെ വ്യോമാക്രമത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇവിടെ എത്തിയ സംഘം കേരളത്തിൽ തീവ്ര ആശയമുള്ളവരുമായി ബന്ധപ്പെട്ടിരുന്നത് കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിരുന്നു.

isis

ഐസിസ് ഭീകരർ കേരളത്തിൽ ചാവേറാക്രമണമുൾപ്പെടെ സംഘടിപ്പിക്കാനൊരുങ്ങുന്നതായുള്ള സാദ്ധ്യതകളെ കുറിച്ചും ഭീഷണിയെകുറിച്ചുമുള്ള മുന്നറിയിപ്പുകൾ മാസങ്ങൾക്കു മുൻപ് തന്നെ സംസ്ഥാന അന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്നുവെങ്കിലും അതിൽ ഗൗരവമായ അന്വേഷണം നടത്തുന്നതിൽ സംസ്ഥാനം പരാജയപ്പെടുകയാണ് ഉണ്ടായത്. തമിഴ്നാട്ടിലും, വടക്കൻ കേരളത്തിലുമുള്ള തീവ്ര ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുന്ന ചിലരെ കൃത്യമായി നിരീക്ഷിച്ചതിലൂടെയാണ് അവരുടെ ശ്രീലങ്കൻ ബന്ധത്തെക്കുറിച്ച് എൻ.ഐ.എയക്ക് വിവരം ലഭിച്ചത്. ശ്രീലങ്കയിൽ ഐസിസ് സ്ഥോടനം ആസൂത്രണം ചെയ്യുന്ന തലം മുതൽ ബോംബ് സ്ഥോടനം നടത്തുന്നതിന് രണ്ട് മണിക്കൂർ മുൻപുവരെ കൃത്യമായ മുന്നറിയിപ്പ് ഭീകരരുടെ പേരു വിവരങ്ങൾ സഹിതം ഇന്ത്യ ശ്രീലങ്കൻ അന്വേഷണ ഏജൻസിക്ക് കൈമാറിയിരുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിൽ സ്ഥോടനത്തിന് ശേഷം ശ്രീലങ്കയുടെ ഭാഗത്തുനിന്നും പ്രതികരങ്ങൾ ഉണ്ടാവുകയും ചെയ്തു. സ്ഥോടന ശേഷം ശ്രീലങ്കൻ സൈനിക മേധാവി ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലങ്കയിൽ സ്ഥോടനത്തിന് പിന്നിലുള്ളവർ ഇന്ത്യയിലെത്തിയതായും കേരളം സന്ദർശിച്ചതായും വ്യക്തമാക്കിയിരുന്നു.

ശ്രീലങ്കയിൽ സ്ഥോടനമുണ്ടായി മണിക്കൂറുകൾക്കകമാണ് എൻ.ഐ.എ കേരളത്തിലേയും തമിഴിനാടിലേയും വിവിധ ഭാഗങ്ങളിൽ റെയ്ഡ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ എൻ.ഐ.എ റെയിഡുമായി മുന്നോട്ട് പോയപ്പോഴാണ് ഐസിസ് കേരളത്തിൽ ആഴത്തിൽ വേരുറപ്പിച്ചതിനെ കുറിച്ച് ഇവിടത്തെ അന്വേഷണ ഏജൻസികൾ മനസിലാക്കിയത്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിനെ പിടികൂടി കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് ഐസിസ് കേരളത്തിൽ പിടിമുറുക്കുന്നതായി സംസ്ഥാനത്തെ അന്വേഷണ വിഭാഗം മനസിലാക്കിയത്. സംസ്ഥാന പോലീസിൽത്തന്നെ വിവരങ്ങൾ ചോർത്തുന്ന സമാന്തര ലോബിയുണ്ടോയെന്നും അന്വേഷണങ്ങൾ അട്ടിമറിച്ചതിനു പിന്നിൽ ഇവർക്ക് പങ്കുണ്ടോയെന്നും എൻ.ഐ.എ. അന്വേഷിക്കും. ഐസിസ് ഭീകരർ കേരളത്തിൽ കൊച്ചിയെ നോട്ടമിടുന്നതായി മാസങ്ങൾക്കു മുൻപ് തന്നെ കേരളത്തിലെ ഇന്റലിജൻസ് വിഭാഗത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ട് മാസം മുൻപ് കൊച്ചിയിൽ ഒരു സംഘടനയുടെ യോഗസ്ഥലത്തേക്ക് വാഹനം ഓടിച്ചുകയറ്റി ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന എൻ.ഐ.എ. മുന്നറിയിപ്പിനെത്തുടർന്ന് യോഗം മറ്റൊരു സ്ഥലത്തേക്ക് മാറ്റേണ്ടിവന്നിരുന്നു. എന്നാൽ ഈ ഭീഷണിയുടെ റൂട്ട് ലെവലിൽ അന്വേഷണം നടത്താൻ പൊലീസ് മെനക്കെട്ടിരുന്നില്ല. ഐ.സി.സ് ആശങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷണത്തിലാക്കണമെന്നും, സോഷ്യൽ മീഡിയയിലടക്കം അവരുടെ നീക്കങ്ങൾ പിന്തുടരണമെന്ന് വ്യക്തമായ മുന്നറിയിപ്പ് എൻ.ഐ.എ നൽകിയിട്ടും ഗൗരവമായിട്ടെടുത്ത് നടപടിയുണ്ടായിരുന്നില്ല.

isis

രാജ്യത്ത് നിന്നും മനുഷ്യക്കടത്ത് തടയാൻ പാസ്‌പോർട്ട് നിയമങ്ങൾ ശക്തമാക്കണമെന്നും ആവർത്തിച്ച് കേന്ദ്രസർക്കാർ സർക്കുലർ ഇറക്കിയെങ്കിലും ഇക്കാര്യത്തിലും നടപടിയുണ്ടായില്ല. മുനമ്പത്ത് നിന്നും ബോട്ടിൽ വൻ സംഘം അടുത്തിടെ അനധികൃതമായി പുറപ്പെട്ട് പോയിരുന്ന സംഭവത്തിലും കേരളത്തിലെ അന്വേഷണ ഏജൻസികളുടെ വീഴ്ച പുറത്ത് വന്നിരുന്നു. വിദേശത്ത് നിന്നും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നും കൂട്ടമായി കൊച്ചിയിലെത്തി താമസിച്ചതിന് ശേഷം കടൽമാർഗം വിദേശത്തേയ്ക്ക് കടക്കുന്നത് തടയാൻ കഴിയാതിരുന്നത് സംസ്ഥാന പൊലീസിന് നാണക്കേടായ സംഭവമായിരുന്നു. ശ്രീലങ്കൻ സ്‌ഫോടനത്തിന് ശേഷം കേരളത്തിലും തമിഴ്നാട്ടിലും കൂടുതൽ ശ്രദ്ധ നൽകുവാനും തീവ്ര ആശയങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്ക് വയ്ക്കുന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്യുന്നുണ്ട്.