ന്യൂഡൽഹി: ധൈര്യമുണ്ടെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും നോട്ടുനിരോധനത്തിന്റെ പേരിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്ന വെല്ലുവിളിയുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രയങ്കാഗാന്ധി രംഗത്തെത്തി. ഡൽഹിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന രണ്ടു ഘട്ടത്തിലെങ്കിലും നോട്ട് നിരോധനത്തിന്റെയും ജി.എസ്.ടിയുടെയും സ്ത്രീ സുരക്ഷയുടെയും പേരിൽ വോട്ട് തേടാൻ പ്രിയങ്ക ബി.ജെ.പിയെ വെല്ലുവിളിച്ചു.
ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് പ്രചാരണം നടത്തും. അരവിന്ദർ സിംഗ് ലൗലിയുടെ പ്രചാരണത്തിന് വേണ്ടി സംഘടന ചുമതലയുള്ള എ.ഐ.സിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.വി തോമസ് എം.പി ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനെത്തി. ഡൽഹിയിൽ നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.
കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ ദുര്യോധനനെന്ന് പ്രിയങ്ക വിളിച്ചിരുന്നു. "മോദി ദുര്യോധനനെ പോലെ അഹങ്കാരിയാണ്. മോദിയുടെ പതനവും ദുര്യോധനന് സംഭവിച്ച പോലെ തന്നെയാവുമെന്നും പ്രിയങ്ക പറഞ്ഞു. ഉപദേശിക്കാൻ പോയ കൃഷ്ണനെപ്പോലും ദുര്യോധനൻ ബന്ധിയാക്കിയെന്നും സർവ്വ നാശത്തിന്റെ കാലത്ത് വിവേകം മരിക്കുമെന്നും" പ്രിയങ്ക കൂട്ടിച്ചേർത്തു. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ ദുര്യോധനൻ പരാമർശത്തിന് മറുപടിയുമായി അമിത് ഷാ രംഗത്തെത്തിയിരുന്നു. 23-ന് അറിയാം ആരാണ് അർജുനനെന്നും ദുര്യോധനനെന്നുമായിരുന്നു അമിത്ഷായുടെ മറുപടി.