indian-economy

ന്യൂഡൽഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തി ഉപദേശക സമിതി അംഗമായ രഥിൻ റോയ് രംഗത്ത്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലാണെന്ന റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് രഥിൻ റോയിയുടെ കണ്ടെത്തൽ. ഇന്ത്യ ഭാവിയിൽ ബ്രസീൽ,​ ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ നേരിടേണ്ടി വന്ന സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും രഥിൻ റോയ് പറയുന്നു. സാമ്പത്തിക വിദഗ്ദൻ കൂടിയായ രഥിൻ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ ഡയറക്ടർ കൂടിയാണ്.

ഇന്ത്യയുടെ സാമ്പദ‌വ്യവസ്ഥ ഘടനാപരമായ തളർച്ചയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജനസംഖ്യയിലെ പത്ത് കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് നിലവിൽ ഇന്ത്യൻ സമ്പദ്ഘടന വളർന്നുകൊണ്ടിരിക്കുന്നത്. ഇത് ഇപ്പോൾ പരമാവധിയിലെത്തി നിൽക്കുകയാണെന്ന് രഥിൻ റോയ് പറയുന്നു. 1991 മുതൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ലെന്നും രഥിൻ റോയ് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ ഇന്ത്യ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെ പോലെയാകാതെ ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറാനാണ് സാദ്ധ്യതയെന്നും രഥിൻ റോയ് ചൂണ്ടിക്കാണിക്കുന്നു. ഈ പ്രതിസന്ധിയെ സാമ്പത്തിക വിദഗ്ദർ മിഡിൽ ഇൻകം ട്രാപ്പ് എന്നാണ് വിശേഷിപ്പിക്കുന്നത്.

നിലവിലെ ഇന്ത്യയുടെ ജനസംഖ്യയിൽ ഭൂരിഭാഗവും ദാരിദ്രത്തിൽ നീങ്ങുന്ന സാഹചര്യത്തിൽ ഈ പ്രതിസന്ധി രാജ്യത്തിന് ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഈ പ്രതിസന്ധി രാജ്യത്ത് കുറ്റകൃത്യങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും എന്നെങ്കിലുമൊരിക്കൽ ഈ പ്രതിസന്ധിയിൽ അകപ്പെട്ടാൽ അതിൽ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും രഥിൻ റോയ് പറയുന്നു. ലോകത്തിൽ എത്രയും പെട്ടെന്ന് വളരുന്ന സാമ്പത്തിക ശക്തി ഇന്ത്യയാണ്. എന്നാൽ ചൈന ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതുകൊണ്ടാണ് ഇന്ത്യ ആ സ്ഥാനത്ത് എത്തിയത്. 6.1 മുതൽ 6.6 ശതമാനം വരെയുള്ള വളർച്ചാ നിരക്കാണ് ഇന്ത്യയുടേത്. ഇതൊരു മികച്ച വളർച്ചാ നിരക്ക് തന്നെയാണ്. എന്നാൽ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളർച്ച ഭീഷണിയാണ്. അടുത്ത അഞ്ചോ ആറോ വർഷത്തേക്ക് അഞ്ചുമുതൽ ആറു ശതമാനം വരെയുള്ള വളർച്ചാ നിരക്കിൽ ഇന്ത്യ മുന്നോട്ടുപോയേക്കാം. എന്നാൽ അവസാനം അതും നിലയ്ക്കുമെന്നും രഥിൻ റോയ് വ്യക്തമാക്കുന്നു.