ജയ്‌പൂർ: ട്രെയിൻ ടിക്കറ്റ് ക്യാൻസൽ ചെയ്തപ്പോൾ ബാക്കി ലഭിക്കാനുള്ള 35 രൂപയ്ക്കായി യുവാവ് ഇന്ത്യൻ റെയിൽവേയുമായി പോരാടിയത് രണ്ട് വർഷം. രാജസ്ഥാനിലെ കോട്ടയിൽ എഞ്ചിനീയറായി ജോലി നോക്കുന്ന സുജീത്ത് സ്വാമി യുവാവാണ് 35 രൂപയ്ക്ക് വേണ്ടി നിയമപോരാട്ടം നടത്തിയത്. രണ്ട് വർഷത്തിന് ശേഷം ഒടുവിൽ രണ്ട് രൂപ നികുതി ഈടാക്കിയ ശേഷം 33 രൂപ റെയിൽവേ സുജീത്തിന് തിരിച്ചു നൽകി.
ജൂലൈ രണ്ടിന് കോട്ടയിൽ നിന്ന് ഡൽഹിയിലേക്ക് പോകാനായി 2017 ഏപ്രിലിൽ സുജീത് റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 765 രൂപയായിരുന്നു ടിക്കറ്റ‌് ചാർജ്ജ്. എന്നാൽ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റിലായതിനെ തുടർന്ന് അദ്ദേഹം ടിക്കറ്റ‌് ക്യാൻസൽ ചെയ്തു. ക്യാൻസലേഷൻ ചാർജ്ജായ 65 രൂപക്ക് പകരം 100 രൂപ ഈടാക്കി ശേഷം 665 രൂപയാണ് ഐ.ആർ.സി.ടി.സി റീഫണ്ട് നല്‍കിയത്. തുടർന്നാണ് യുവാവ് ബാക്കി ലഭിക്കാനുള്ള പണത്തിന് നിയമപരമായി നീങ്ങിയത്.
വിവരാവകാശ നിയമപ്രകാരം റെയിൽവേയ്ക്ക് നൽകിയ അപേക്ഷയിൽ 35രൂപ ബാക്കി നൽകാനുണ്ടെന്ന് വ്യക്തമാക്കിയെങ്കിലും പണം നൽകിയില്ല. തുടർന്ന് 2018 ഏപ്രിലിൽ ലോക് അദാലത്തിൽ സ്വാമി പരാതി നൽകിയിരുന്നു. ജി.എസ്.ടി പ്രകാരമാണ് 100രൂപ ഈടാക്കിയെന്നായിരുന്നു റെയിൽവേയുടെ വാദം. എന്നാൽ സുജീത്ത് ഈ വാദം പൊളിച്ചിരുന്നു. ജി.എസ്.ടി നടപ്പാക്കും മുൻപാണ് താൻ ടിക്കറ്റ് ബുക്ക് ചെയ്തതെന്നും അതുകൊണ്ട് തന്നെ 35 രൂപ ഈടാക്കുന്നത് നിയമപരമായി തെറ്റാണെന്നും സുജീത്ത് ചൂണ്ടിക്കാട്ടിയിരുന്നു.
ഒടുവിൽ 2019 മെയ് ഒന്നിന് ബാക്കി തുകയായി 33രൂപ യുവാവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുകയായിരുന്നു. എന്നാൽ രണ്ട് രൂപ സേവന നികുതിയായി റെയിൽവേ ഈടാക്കിയിരുന്നു. രണ്ട് രൂപ പിടിച്ചുവെച്ച റെയിൽവേ തന്നെ അപമാനിച്ചുവെന്നും മുഴുവൻ പണം കിട്ടാനായി ഇനിയും കേസ് ഫയൽ ചെയ്യുമെന്നും സുജീത്ത് വ്യക്തമാക്കി.
''ഇത് വ്യക്തിപരമായ കാര്യമല്ല. എന്നാൽ ജി.എസ്.ടി നടപ്പാക്കും മുൻപ് ജൂലൈ ഒന്നിനും 11നും ഇടയിൽ ഒമ്പത് ലക്ഷം ആളുകളാണ് ടിക്കറ്റ് ബുക്ക് ചെയ്തതും ക്യാൻസൽ ചെയ്തതും. ഇത്തരത്തിൽ നികുതി ഈടാക്കിയാൽ നിയമവിരുദ്ധമായി 3.34 കോടി രൂപയാണ് റെയിൽവേയ്ക്ക് ലഭിച്ചത്. പലർക്കും ഇതിനെ കുറിച്ച് എന്നതാണ് സത്യം''.- സുജീത്ത് സ്വാമി വ്യക്തമാക്കി.