കണ്ണൂർ: ബക്കളത്ത് മുസ്ലിംലീഗ് ഓഫീസിന് നേരെ വീണ്ടും ബോംബേറ്. ബോംബ് പൊട്ടിത്തെറിച്ച് ഓഫീസിന്റെ മേൽപ്പുരയുടെ ഓടുകളും ഗോവണിയും ഷട്ടറും ഓഫീസിനകത്തെ ഫർണിച്ചറുകളും നശിച്ചു. സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ലീഗ് കേന്ദ്രങ്ങൾ ആരോപിച്ചു. ബുധനാഴ്ച രാത്രി 11.30 ഓടെയായിരുന്നു സംഭവം.
ശക്തമായ സ്‌ഫോടന ശബ്ദം കേട്ടാണ് നാട്ടുകാർ സ്ഥലത്തെത്തിയത്. കഴിഞ്ഞ ഏപ്രിൽ 25ന് പുലർച്ചെയും സമാനമായ രീതിയിൽ ഓഫീസിന് നേരെ ബോംബാക്രമണം നടന്നിരുന്നു. അന്ന് ഓഫീസിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല. എന്നാൽ, ഓഫീസിന്റെ താഴെ നിലയിൽ പ്രവർത്തിക്കുന്ന ലീഗ് പ്രവർത്തകൻ കെ.അഷ്റഫിന്റെ ചിക്കൻ സ്റ്ററാളിന്റെ മേൽപുര തകർന്നു വീഴുകയും കാര്യമായ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.
ബക്കളത്ത് കഴിഞ്ഞ മാർച്ച് ഏഴിനാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. ലീഗ് ഓഫീസിന് നേരെ അക്രമം നടന്നതിന് പിന്നാലെ സി.പി.എമ്മിന്റെ മടയിച്ചാലിലുള്ള ബക്കളം നോർത്ത് ബ്രാഞ്ച് ഓഫീസിന് നേരെയും ആക്രമണം നടന്നിരുന്നു. പിന്നീട് തളിപ്പറമ്പ് സി.ഐ വിളിച്ചുചേർത്ത സമാധാന യോഗത്തിൽ ഇരുവിഭാഗവും പ്രശ്‌നങ്ങളുണ്ടാക്കുന്നവരെ തള്ളിപ്പറയുമെന്നും സഹായം നൽകില്ലെന്നും ഉറപ്പ് നൽകിയിരുന്നു.
രണ്ട് അക്രമസംഭവങ്ങളിലും പ്രതികളെ ഇതേവരെ പൊലീസ് പിടികൂടിയിട്ടില്ല. ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉൾപ്പെട്ട സംഘം ആക്രമിക്കപ്പെട്ട ലീഗ് ഓഫീസിൽ പരിശോധനയ്ക്കെത്തുമെന്ന് അറിയിച്ചിരുന്നു. അതുകൊണ്ട് ബോംബേറിൽ തകർന്ന കെട്ടിടത്തിന് അകത്തേക്ക് ആരെയും പ്രവേശിപ്പിച്ചില്ല. സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ബോംബാക്രമണം നടന്ന ലീഗ് ഓഫീസ് മുസ്ലിംലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾകരീം ചേലേരി, തളിപ്പറമ്പ് നിയോജകമണ്ഡലം നേതാക്കളായ സി.പി.വി. അബ്ദുള്ള, പി.വി. മുഹമ്മദ് ഇഖ്ബാൽ, തളിപ്പറമ്പ് നഗരസഭാ ചെയർമാൻ അള്ളാംകുളം മഹമ്മൂദ് എന്നിവർ സന്ദർശിച്ചു.