rajeev-gandhi

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പരമാർശങ്ങൾ ചൂടുപിടിച്ചുവരികയാണ്. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാൻ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനമായി ആരോപിച്ചത്. ഇതേ പിന്തുണച്ചും രാജീവ് ഗാന്ധിയെ കടന്നാക്രമിച്ച് ട്വീറ്റുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്.

1984ലെ സിഖ് വിരുദ്ധ കലാപത്തിൽ സർക്കാർതന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കുകയായിരുന്നുവെന്ന് ബി.ജെ.പി ട്വിറ്ററിൽ ആരോപിച്ചു. ‘സിഖ് വിരുദ്ധ കലാപത്തിൽ പൗരന്മാരെ കൊന്നൊടുക്കാൻ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുന്നെന്ന് സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ രേഖയിലുണ്ട്. ഭാരത സർക്കാർ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം’ എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.

എന്നാൽ ഇതിനെതിരെ പ്രതിരോധവുമായി കോൺഗ്രസും രംഗത്തെത്തി. നരേന്ദ്ര മോദിക്കെതിരെയും ബി.ജെ.പിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലാണ് രംഗത്തെത്തിയത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച പ്രധാനമന്ത്രിയെ അപമാനിക്കുന്നത് അങ്ങേയറ്റം ഭീരുത്വപരമായ നടപടിയാണെന്ന് അഹമ്മദ് പട്ടേൽ പറഞ്ഞു. രാജീവ് ഗാന്ധിയുടെ വധത്തിന് ആരാണ് ഉത്തരവാദിയെന്ന് മോദി തന്നെ പറയണമെന്നും അഹമ്മദ് പട്ടേൽ പറഞ്ഞു.

രാജീവ് ഗാന്ധിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നിരന്തരമായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നിട്ടും ബി.ജെ.പി നേതൃത്വത്തിലുള്ള വി.പി സിംഗ് സർക്കാർ രാജീവിന് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്നും ഒരു പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ മാത്രമായിരുന്നു രാജീവിന് അനുവദിച്ചതെന്നും അഹമ്മദ് പട്ടേൽ ചൂണ്ടിക്കാണിക്കുന്നു. രാജീവിന് കൂടുതൽ സുരക്ഷ നൽകണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷകളെല്ലാം വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ അവഗണിച്ചെന്നും ബി.ജെ.പിയുടെ വെറുപ്പിന്റെ ഇരയാണ് രാജീവെന്നും പട്ടേൽ പറഞ്ഞു. ' നിങ്ങളുടെ വെറുപ്പിന്റെ ഇരയാണ് രാജീവ് ജി. എന്നിട്ടും നിങ്ങൾ അദ്ദേഹത്തിന് മേൽ അടിസ്ഥാന രഹിതമായ പല ആരോപണങ്ങളും അഴിമതികളും ഉന്നയിക്കുന്നു-അഹമ്മദ് പട്ടേൽ ട്വീറ്റിൽ വ്യക്തമാക്കി.

അതേസമയം,​ രാജീവ് ഗാന്ധിക്കെതിരെ മോദി നടത്തുന്ന പരാമർശങ്ങൾ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടി നൽകിയേക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. മുതിർ കോൺഗ്രസ് നേതാക്കളും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോദിയുടെ പരാമർശങ്ങൾക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. മോദി നടത്തിയ പരമാർശങ്ങൾക്കെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷൻ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ യാതൊരുവിധ നടപടിയും തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിട്ടില്ല.