trissur-pooram

തൃശൂർ: പൂരത്തിൽ ആനകളെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് തൃശൂർ കളക്ടർ ടി.വി അനുപമ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ചു. പൂരത്തോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ പരിധിയിൽ നിയന്ത്രണം ഏർപ്പെടുത്തി. മേയ് 13-14 ദിവസങ്ങളിൽ ഹെലികോപ്ടർ,​ ഹെലികാം,​ ലെയ്സർ ഗൺ, കാഴ്ച മറയ്ക്കുന്ന തരത്തിലുള്ള ട്യൂബ് ബലൂണുകൾ ഇവ വടക്കുനാഥ ക്ഷേത്ര മെെതാനത്തിന് മുകളിലും ഗ്രൗണ്ടിലും പൂർണമായി നിരോധിച്ചിട്ടുള്ളതായി കളക്ടർ അറിയിച്ചു. ശബ്ദം കേട്ടാൽ വിരണ്ടോടുന്ന ആനകളെയും പൂരം ദിവസങ്ങളിൽ നഗരത്തിൽ പ്രവേശിക്കാൻ പാടില്ലെന്നും നിർദേശത്തിൽ പറയുന്നു.

11,​12,​13,​14 ദിവസങ്ങളിൽ നീരുള്ളതും,​ മദപ്പാടുള്ളതുമായ ആനകളും തൃശൂർ ടൗണിനകത്ത് പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാപ്പൻമാർ അല്ലാത്തവരാരും ആനകളെ കെെകാര്യം ചെയ്യാൻ പാടില്ല എന്നതും നിർദേശത്തിലുണ്ട്. പൊലീസുദ്യോഗസ്ഥരെയും,​ ദേവസ്വം വാളണ്ടിയർമാരെയും നൂറിലധികം ഒാഫീസർമാരെയുമടക്കം ഇവിടെ നിയോഗിക്കാൻ ഉത്തരവിട്ടിട്ടുണ്ട്.

തെച്ചിക്കോട്ടുകാവ് രാമച്ചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ലെന്നും ടി.വി അനുപമ അറിയിച്ചു. നാളത്തെ കോടതി വിധിയ്ക്കനുസരിച്ച് വിലക്കിന്റെ കാര്യം തീരുമാനിക്കുമെന്നും അവർ പറഞ്ഞു. തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ദിവസങ്ങളായി തുട‍ർന്ന് വരുന്ന പ്രതിസന്ധി ഒഴിവാക്കാൻ ദേവസ്വം മന്ത്രി എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ നേതാക്കളുമായി ഇന്ന് ചർച്ച നടത്തും. വൈകിട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചർച്ച. കൃഷി വകുപ്പ്, വനം വകുപ്പ് മന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും.