തിരുവനന്തപുരം: ഏറെ കാത്തിരിപ്പിന് ശേഷം അമൃത, രാജ്യറാണി എക്സ്പ്രസുകൾ രണ്ട് സ്വതന്ത്ര ട്രെയിനുകളായെങ്കിലും യാത്രക്കാർക്ക് ലഭിക്കുക ഇരട്ടി ദുരിതം മാത്രം. രാത്രി പത്തിന് തിരുവനന്തപുരത്തു നിന്ന് പോയിരുന്ന അമൃത, രാജ്യറാണി രണ്ടാകുമ്പോൾ 8.50ന് ശേഷം തിരുവനന്തപുരത്തു നിന്ന് വടക്കോട്ട് ട്രെയിനില്ലാത്ത സ്ഥിതിയായി. നിലവിൽ രാത്രി എട്ടരയ്ക്കും ഒമ്പതിനുമിടയിൽ മൂന്ന് ട്രെയിനുകളാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. രാത്രി 8.30ന് അമൃത, 8.40ന് മംഗലാപുരം എക്സ്പ്രസ്, 8.50ന് കൊച്ചുവേളിയിൽ നിന്ന് രാജ്യറാണി. ഇതുകഴിഞ്ഞാൽ രാത്രി 11.20ന് ചെന്നൈഗുരുവായൂർ മാത്രമാണ് വടക്കോട്ടുള്ള ട്രെയിൻ. മലബാറിലേക്ക് രാത്രി 8.40നുള്ള ട്രെയിൻ കഴിഞ്ഞാൽ പിന്നെ പുലർച്ചെ നാലിനുള്ള ഏറനാട് എക്സ്പ്രസ് മാത്രമാണ് ആശ്രയം.
നേരത്തേ ശരാശരി വേഗത മണിക്കൂറിൽ 40 കിലോമീറ്ററായിരുന്ന ട്രെയിനിന്റെ വേഗത 33 കിലോമീറ്ററായി കുറച്ചു. ഇതുകാരണം തിരുവനന്തപുരത്തു നിന്ന് നേരത്തേ പുറപ്പെടുന്നതിന്റെ നേട്ടം നിലമ്പൂരിലും മധുരയിലും എത്തുമ്പോൾ ലഭിക്കില്ല. കോച്ചുകളും കാര്യമായി വർദ്ധിപ്പിച്ചില്ല. അമൃതയിൽ 14ഉം രാജ്യറാണിയിൽ ഒമ്പതും കോച്ചുകളുണ്ടായിരുന്നു. ഇപ്പോഴത് യഥാക്രമം 18ഉം 13ഉം ആക്കി. എന്നാൽ 24ഉം 16ഉം കോച്ചുകളാണ് പ്രതീക്ഷിച്ചിരുന്നത്.
രാത്രിയിൽ ബസുകൾ ഒന്നര മണിക്കൂറിൽ ഓടിയെത്തുന്ന തൃശൂർ പാലക്കാട് റൂട്ടിൽ പുതിയ സമയക്രമമനുസരിച്ച് അമൃതയ്ക്ക് നാലര മണിക്കൂർ വേണം. നേരത്തേ വെറും 20 മിനിട്ട് കൊണ്ടാണ് ഈ ദൂരം ഓടിയെത്തിയിരുന്നത്. പുതിയ സമയക്രമത്തിലും തിരുവനന്തപുരത്തേക്ക് പോകുമ്പോൾ 20 മിനിട്ട് തന്നെയാണ് ഇരുവണ്ടികളും എടുക്കുന്നത്. തിരുവനന്തപുരത്തു നിന്ന് പോകുമ്പോൾ 160 മിനിട്ടാണ് റെയിൽവേ ടൈംടേബിളിൽ. തൃശൂരിനും ഷൊർണൂരിനുമിടയ്ക്ക് മണിക്കൂറുകൾ ഇഴയുന്നതിന് പുറമേ പാലക്കാട് മധുര മേഖലയിലും അമൃത വൈകും. രാത്രി 10ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് പുലർച്ചെ 4.20ന് തൃശൂരിലും ഉച്ചയ്ക്ക് 1.10ന് മധുരയിലുമെത്തുന്നതായിരുന്നു നേരത്തത്തെ സമയ ക്രമീകരണം. എന്നാൽ ഇന്ന് മുതൽ രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന അമൃത പുലർച്ചെ 2.30ന് തൃശൂർ കടക്കുമെങ്കിലും മധുരയിലെത്തുമ്പോൾ ഉച്ചയ്ക്ക് 12.15 ആകും.
തിരുവനന്തപുരത്ത് പഴയതുപോലെ രാത്രി പത്തിന് പുറപ്പെടാൻ സംവിധാനമൊരുക്കി റണ്ണിംഗ് സമയം കൂട്ടണമെന്നാണ് യാത്രക്കാരുടെ ആവശ്യം.