ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വിദേശ പൗരത്വമുണ്ടെന്ന് കേസ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. ഏതെങ്കിലും വിദേശ കമ്പനിയുടെ രേഖകളിൽ രാഹുൽ ഗാന്ധി, ബ്രിട്ടീഷ് പൗരൻ എന്നെഴുതി വെച്ചാൽ അദ്ദേഹം ബ്രിട്ടീഷുകാരനാവുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് ചൂണ്ടിക്കാണിച്ച് യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ഇപ്പോൾ ഈ ഹർജിയുടെ ആവശ്യമെന്താണ് എന്ന് ചോദിച്ച കോടതി ഏതെങ്കിലും കടലാസിൽ ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന് എഴുതിയതുകൊണ്ട് ബ്രിട്ടീഷുകാരനാകുമോ എന്നും ചോദിച്ചു. ആരാണ് പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കാത്തത്? 130 കോടി ജനങ്ങളും അത് ആഗ്രഹിക്കുന്നുണ്ടെന്നും അത് നല്ലതാണെന്നും കോടതി വ്യക്തമാക്കി. ബ്രിട്ടീഷ് പൗരത്വ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് മെയ് ഒന്നിന് ആഭ്യന്തരമന്ത്രാലയം രാഹുൽഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു.
രാഹുലിന് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. തിരഞ്ഞെടുപ്പിൽ നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്നുമാണ് പരാതിക്കാരുടെ മറ്റ് ആവശ്യങ്ങൾ.