athimani-anil

പാലക്കാട്: തന്നെ വീട്ടിൽകയറി കാൽവെട്ടിമാറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത് സ്‌പിരിറ്റ് കേസിലെ പ്രതി അത്തിമണി അനിലാണെന്ന് ബി.ജെ.പി ആലത്തൂർ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും മുൻ സെെനികനുമായ ഷിബു ആരോപിച്ചു. ജില്ലയിലെ വിവിധ രാഷ്ട്രീയ അക്രമങ്ങളിൽ അത്തിമണി അനിലിന് പങ്കുണ്ടെന്നാണ് ആക്ഷേപം. പാലക്കാടിനെ നടുക്കിയ രാഷ്ട്രീയ അക്രമങ്ങളിലൊന്നാണ് ഒരു വർഷം മുൻപ് ആലത്തൂരിലുണ്ടായത്. രാത്രി വീട്ടിൽ കയറിയവർ ചവിട്ടി വീഴ്‌ത്തിയശേഷമാണ് ഷിബുവിന്റെ വലതു കാൽ മുട്ടിനു മുകളിൽ വച്ച് വെട്ടി മാറ്റിയത്.

കഴിഞ്ഞ ഏപ്രിൽ രണ്ടിനാണ് സംഭവം. ബി.ജെ.പി നേതൃസ്ഥാനത്ത് എത്തിയ ഷിബുവിനെ വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം വെട്ടിയെന്നാണു കേസ്. ഗുരുതരമായി പരുക്കേറ്റു ചികിത്സ തേടിയെങ്കിലും വലതു കാൽ മുറിച്ചു മാറ്റി. മംഗലംഡാം പൊലീസാണു കേസ് ആദ്യം അന്വേഷിച്ചത്. തുടർന്ന് അന്വേഷിച്ച ക്രൈംബ്രാഞ്ച് നാല് പേരെ അറസ്റ്റ് ചെയ്തു.

എന്നാൽ,​ അവർ സംഭവവുമായി ബന്ധമില്ലാത്തവരാണെന്നും കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കാൻ പൊലീസ് തയാറായില്ലെന്നും,​ സി.പി.എമ്മിനുവേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത ആളാണ് അനിലെന്നും ഷിബു ആരേ‍ാപിച്ചു. എന്നാൽ,​ ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റൂരിലെ സ്പിരിറ്റു കേസിന്റെ വാർത്ത വന്നപ്പോഴാണ് ഷിബു അനിലിനെ തിരിച്ചറിഞ്ഞത്. തന്നെ വെട്ടിയതും അനിലാണെന്ന് ഷിബു പറയുന്നു.