ആലപ്പുഴ: ധന്‍ബാദ് ആലപ്പുഴ എക്സ്പ്രസ് ട്രെയിനില്‍ നിന്ന് ഉടമയില്ലാതെ 13 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. പാസഞ്ചര്‍ ലിസ്റ്റ് പരിശോധനയിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.ജെ. റോയ് പറഞ്ഞു.
എക്‌സൈസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും സംയുക്തമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസമാണ് കഞ്ചാവ് പിടിച്ചെടുത്തത്. സി.സി ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുകയാണ്. ധന്‍ബാദ് എക്സ്പ്രസ് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഈ ബോഗിയില്‍ നിന്ന് ഇറങ്ങിയ ഒരാള്‍ സമാന നിറത്തിലുള്ള ബാഗുമായി മറ്റൊരു ട്രെയിനില്‍ കയറിയ ദൃശ്യം ലഭിച്ചിട്ടുണ്ട്.
കഞ്ചാവ് മാഫിയകള്‍ ആലപ്പുഴയിലേക്ക് സ്ഥിരമായി ചരക്ക് എത്തിക്കുന്ന ധന്‍ബാദ് എക്സ്പ്രസില്‍ നിന്ന് ഇത്തവണയും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവ കണ്ടെടുത്തത്. രണ്ട് കിലോയിലധികം ഭാരമുള്ള ആറ് പൊതികളിലായിട്ടാണ് കഞ്ചാവ് ബാഗില്‍ സൂക്ഷിച്ചിരുന്നത്. ഒരുമാസം മുമ്പ് ഇതേ ട്രെയിനില്‍ നിന്ന് ഇതുപോലെ ഉപേക്ഷിച്ച നിലയില്‍ 20 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു. അതിന് മുമ്പും നിരവധി തവണ ഈ ട്രെയിനില്‍ നിന്ന് ചെറുതും വലുതുമായ അളവില്‍ എക്‌സൈസും റെയില്‍വേ പൊലീസും കഞ്ചാവ് പിടികൂടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ധന്‍ബാദ് എക്സ്പ്രസ് പ്രത്യേക നിരീക്ഷണത്തിലായിരുന്നു.