ഡിസ്ക് ബ്രേക്കിലെ കാലിപ്പർ ബോൾട്ടിലെ തകരാറുണ്ടെന്ന സംശയത്തെ തുടർന്ന് 7000 റോയൽ എൻഫീൽഡ് ബുള്ളറ്റ്, ഇലക്ട്ര എന്നീ മോഡൽ ബൈക്കുകൾ കമ്പനി തിരിച്ചുവിളിക്കുന്നു. 2019 മാർച്ച് 20നും ഏപ്രിൽ 30നും ഇടയിൽ നിർമിച്ച ബൈക്കുകളാണ് കമ്പനി അടിയന്തരമായി തിരിച്ചുവിളിക്കുന്നത്. ഇവയിൽ ബുള്ളറ്റ് 350, ബുള്ളറ്റ് 350 ഇ.എസ്, ബുള്ളറ്റ് 500 ബൈക്കുകൾക്കാണു പരിശോധന ആവശ്യമായി വരികയെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചു.
ബ്രേക്ക് ഹോസിനെയും ബ്രേക്ക് കാലിപ്പറിനെയും സുരക്ഷിതമാക്കുന്ന ഭാഗമാണ് കാലിപ്പർ ബോൾട്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ നിർമിച്ച ബുള്ളറ്റ്, ഇലക്ട്ര എന്നീ ബൈക്കുകളിൽ ഇത് തെറ്റായ രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. റോയൽ എൻഫീൽഡിന്റെ സർവീസ് ടീം നടത്തിയ പരശോധനയിലാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നിർമിച്ച വാഹനത്തിൽ ഈ പോരായ്മ കണ്ടെത്തിയത്. ബ്രേക്ക് കാലിപർ ബോൾട്ടിലെ ടോർക് നിശ്ചിത നിലവാരത്തിലല്ലെന്നാണു കമ്പനി പരിശോധനകളിൽ കണ്ടെത്തിയത്.
ഈ പ്രശ്നത്തിന്റെ പേരിൽ അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെങ്കിലും സ്വന്തം നിലയ്ക്കു ബൈക്കുകൾ തിരിച്ചു വിളിച്ചു തകരാർ പരിഹരിക്കാൻ റോയൽ എൻഫീൽഡ് തീരുമാനിക്കുകയായിരുന്നു. മുകളിൽ നൽകിയിട്ടുള്ള സമയത്ത് നിർമിച്ച ബൈക്കുകൾ കൈവശമുള്ളവർ തൊട്ടടുത്തുള്ള റോയൽ എൻഫീൽഡ് ഷോറൂമുകളിൽ എത്തി തകരാർ പരിഹരിക്കണമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്നും റോയൽ എൻഫീൽഡ് പ്രസ്താവനയിൽ അറിയിച്ചു