ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാനിരുന്ന മുൻ ബി.എസ്.എഫ് ജവാനും സമാജ്വാദി പാർട്ടി സ്ഥാനാർത്ഥിയുമായ തേജ് ബഹാദൂർ യാദവിന്റെ ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ സമാജ് വാദി പാർട്ടി ടിക്കറ്റിൽ മത്സരിക്കാനാണ് തേജ് ബഹാദൂർ പത്രിക നൽകിയിരുന്നത്.
കമ്മീഷന്റെ നടപടി ഏകപക്ഷീയമാണെന്നായിരുന്നു തേജ് ബഹാദൂർ ഹർജിയിൽ ആരോപിച്ചത്. എന്നാൽ, ഹർജി കഴമ്പില്ലെന്ന് കോടതി നിരീക്ഷിച്ചു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ സർക്കാർ ഉദ്യോഗസ്ഥന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് മേയ് ഒന്നിന് വരണാധികാരി തേജ് ബഹാദൂറിന്റെ പത്രിക തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്കർഷിച്ച സാക്ഷ്യപത്രം ഇല്ലായിരുന്നുവെന്നും വരണാധികാരി അറിയിച്ചിരുന്നു.
ഭരണകൂടത്തോടുള്ള അനുസരണക്കേടോ അഴിമതിയോ മൂലമല്ല പുറത്താക്കപ്പെട്ടത് എന്നാണ് സാക്ഷ്യപത്രത്തിൽ വ്യക്തമാക്കേണ്ടത്. ഇത് തേജ് ബഹാദൂർ സമർപ്പിച്ചിട്ടില്ലെന്നും വരണാധികാരി വ്യക്തമാക്കിയിരുന്നു. നാമനിർദേശ പത്രികക്കൊപ്പം സെെന്യത്തിൽനിന്ന് പുറത്താക്കിയ ഉത്തരവ് സമർപ്പിച്ചിരുന്നുവെന്നാണ് തേജ് ബഹാദൂർ പ്രതികരിച്ചത്. സെെനികരുടെ ഭക്ഷണം മോശമാണെന്ന് സമൂഹമാദ്ധ്യമത്തിലൂടെ പരാതിപ്പെട്ടതിനാണ് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്)യിൽനിന്ന് ബഹാദൂറിനെതിരെ നടപടിയുണ്ടായത്.