ന്യൂഡൽഹി: ദേശീയപാത വികസന വിഷയത്തിൽ കേരളത്തെ രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റി കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. കേരളത്തോട് വിവേചനം കാണിച്ചില്ലെന്നും ഇക്കാര്യത്തിൽ ഉടൻ വ്യക്തത വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ കത്തിനെ തുടർന്നാണ് നടപടി.
കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയിൽ കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ഉൾപ്പെടെ നിർത്തിവയ്ക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നു. മറ്റു ജില്ലകളിലെ പാത വികസനം രണ്ടാം മുൻഗണനാ പട്ടികയിലേക്കു മാറ്റിയതോടെ 2 വർഷത്തേക്കു തുടർനടപടികളൊന്നും നടക്കില്ലെന്ന സ്ഥിതിയായിരുന്നു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കേരളത്തെ അവഗണിക്കരുതെന്നാവശ്യപ്പെട്ട് കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കഴിഞ്ഞ ദിവസമാണ് കത്തയച്ചത്. കാസർകോഡ് മുതൽ പാറശാല വരെയുള്ള ദേശീയപാത വികസനം ഒന്നാം മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് കണ്ണന്താനം കത്തിൽ ആവശ്യപ്പെട്ടിരുന്നു. കത്തയക്കുന്നത് മാദ്ധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലെന്നും അൽഫോൻസ് കണ്ണന്താനം വ്യക്തമാക്കിയിരുന്നു.