khan

കൊച്ചി: വി.കെ.സി ഗ്രൂപ്പിന് കീഴിലുള്ള യൂഫോറിക് ഇന്റർനാഷണലിന്റെ പാദരക്ഷാ ബ്രാൻഡായ വാക്കറൂവിന്റെ ബ്രാൻഡ് അംബാസഡറായി ബോളിവുഡ് താരം ആമിർ ഖാൻ നിയമിതനായി. പെർഫെക്‌ഷനിസ്‌റ്റ് എന്ന നിലയിൽ രാജ്യത്തിനകത്തും പുറത്തും ബഹുമാനം നേടിയെടുത്ത വ്യക്തിയാണ് ആമിർ ഖാനെന്നും അദ്ദേഹത്തിന്റെ വ്യക്തിത്വം വാക്കറൂവിന്റെ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് എന്നും മാനേജിംഗ് ഡയറക്‌ടർ വി.കെ.സി നൗഷാദ് പത്രസമ്മേളനത്തിൽ പറഞ്ഞു.

യുവാക്കളുടെ അഭിരുചിക്കിണങ്ങിയ ആകർഷകമായ രൂപകല്‌പനയും ഉന്നത നിലവാരവും വിലക്കുറവുമാണ് വാക്കറൂവിന്റെ സവിശേഷത. സ്‌പോർട്‌സ്, ലൈഫ്‌സ്‌റ്റൈൽ, കാഷ്വൽ, ഫോർമൽ ഷൂസ്, കിഡ്‌സ് ശ്രേണികളിലാണ് വാക്കറൂവിന് ഉത്‌പന്നങ്ങളുള്ളത്. ഇന്ത്യയിലാകെ 500ലേറെ ഡിസ്‌ട്രിബ്യൂട്ടർമാർ വാക്കറൂവിനുണ്ട്. 2013ലാണ് വാക്കറൂ വിപണിയിലെത്തിയത്. ആദ്യ രണ്ടുവർഷത്തിനകം 100 കോടി രൂപയും കഴിഞ്ഞ സാമ്പത്തിക വർഷം 480 കോടി രൂപയും വിറ്റുവരവ് വാക്കറൂ നേടി. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പാദരക്ഷാ ബ്രാൻഡായ വാക്കറൂ, നടപ്പുവർഷം ലക്ഷ്യമിടുന്നത് 1,000 കോടി രൂപയുടെ വിറ്രുവരവാണ്.

ഓഫ്‌ലൈൻ സ്‌റ്റോറുകൾക്ക് പുറമേ ഫ്ളിപ്കാർട്ടിലും വാക്കറൂ ഉത്‌പന്നങ്ങൾ ലഭ്യമാണ്. ആമസോണുമായി ചർച്ചകൾ നടക്കുന്നു. walkaroo.in എന്ന കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ഏതാനും ദിവസത്തിനകം വില്‌പന ആരംഭിക്കുമെന്നും വി.കെ.സി. നൗഷാദ് പറഞ്ഞു. വാക്കറൂ ഡയറക്‌ടർമാരായ എൻ.പി. മുസ്‌തഫ യാസിൻ, പി. അബ്‌ദുൾ സലാം, എ.വി. സുനിൽനാഥ്, ഡയറക്‌ടർ രാജേഷ് കുര്യൻ എന്നിവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.