ന്യൂഡൽഹി: റാഫേൽ കേസിൽ കേന്ദ്രം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചെന്ന പരാമർശം സാങ്കേതിക പിഴവ് മാത്രമെന്നും, കേസ് പുനപരിശോധിക്കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഈ വിധി കോടതിവിധിയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റാഫേലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നൽകിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ഒരു പുതിയ പരാതി കൂടി കോടതിക്ക് നൽകിയിരുന്നു.
ഈ കേസ് ആദ്യം പരിഗണിച്ചപ്പോൾ മുഴുവൻ രേഖകളും ഹാജരാക്കിയില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചും കള്ളം പറഞ്ഞും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി നൽകിയത്. ഈ പരാതിക്കായുള്ള മറുപടിയാണ് പുതിയ സത്യവാങ്മൂലം. ഉദ്യോഗസ്ഥർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് ശെരിയല്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കോടതിക്ക് സമർപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പുന:പരിശോധനാ ഹർജികൾ നിലനിൽക്കില്ലെന്നും അതുകൊണ്ട് ഇവ തള്ളിക്കളയണമെന്നുമാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ സമാന്തര ചർച്ച നടത്തി എന്നു ചൂണ്ടിക്കാട്ടി പുറത്തു വന്ന രേഖകൾ പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യ രേഖകളെല്ലെന്നും ഇന്റേർണൽ രേഖകൾ മാത്രമാണെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. ഇവ കേസിൽ ഉൾപ്പെടുത്തരുതെന്നും കൂടാതെ റാഫേൽ കരാറിന്റെ വില വിവരങ്ങൾ വെളിപ്പെടുത്താൻ ആവില്ലെന്നും അത് രാജ്യ സുരക്ഷയെ ബാധിക്കുന്നതാണെന്നും കേന്ദ്രസർക്കാർ പറഞ്ഞിരുന്നു.