ന്യൂഡൽഹി: റാഫേൽ കേസിൽ കേന്ദ്രം സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം നൽകി. സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചെന്ന പരാമർശം സാങ്കേതിക പിഴവ് മാത്രമെന്നും, കേസ് പുനപരിശോധിക്കരുതെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. സത്യവാങ്മൂലത്തിലെ വിവരങ്ങൾ റാഫേൽ കേസിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിയ കോടതിവിധിയെ ബാധിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. റാഫേലുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കാനിരിക്കെയാണ് കേന്ദ്രം പുതിയ സത്യവാങ്മൂലം നൽകിയത്.
റാഫേൽ കേസിൽ കേന്ദ്രസർക്കാരിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ടുള്ള വിധിയിലെ ചില വാചകങ്ങൾ ഏറെ വിവാദത്തിന് കാരണമായിരുന്നു. റാഫേൽ വിമാനത്തിന്റെ വിലവിവരം സി.എ.ജിക്ക് നൽകിയിട്ടുണ്ടെന്നും സി.എ.ജി റിപ്പോർട്ട് പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് നൽകിയിട്ടുണ്ടെന്നും വിധിയുടെ 25ആം പേജിൽ പറയുന്നു. ഈ റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം പാർലമെന്റിൽ വച്ചിട്ടുണ്ടെന്നും അത് പൊതുസമൂഹത്തിലുണ്ടെന്നും കോടതി പറയുന്നു. എന്നാൽ പാർലമെന്റിൽ റാഫേലുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോർട്ട് വന്നിട്ടില്ലെന്ന് പി.എ.സി ചെയർമാൻ മല്ലികാർജ്ജുന ഖാർഗെ വ്യക്തമാക്കി. വിധിയിൽ നിരവധി പിശകുകളുണ്ടെന്ന് ഹർജിക്കാരായ പ്രശാന്ത് ഭൂഷൺ, യശ്വന്ത് സിൻഹ,അരുൺഷൂരി എന്നിവരും പറഞ്ഞു. റാഫേലിൽ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. തങ്ങൾക്ക് ലഭിച്ച കോടതി രേഖകളിൽ സി.എ.ജി റിപ്പോർട്ടില്ല. കേന്ദ്രസർക്കാർ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നുമാണ് ഇവരുടെ വാദം.
ഇത് വിവാദമായതോടെയാണ് വിധിയിൽ തിരുത്തൽ വേണമെന്ന ആവശ്യവുമായി കേന്ദ്രം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കേസ് ആദ്യം പരിഗണിച്ചപ്പോൾ മുഴുവൻ രേഖകളും ഹാജരാക്കിയില്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചും കള്ളം പറഞ്ഞും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജിയെത്തി. ഈ ഹർജിക്കുള്ള മറുപടിയാണ് പുതിയ സത്യവാങ്മൂലം. ഉദ്യോഗസ്ഥർ കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നു പറയുന്നത് ശരിയല്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കോടതിക്ക് സമർപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.